തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി കോളേജിലെ പാചകക്കാരൻ ജെയിംസ്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ മൃതദേഹം താഴെയിറക്കി കൊണ്ടുപോകാൻ സഹായിച്ചവരിൽ ഒരാളായിരുന്നു ജെയിംസ്. താഴെയിറക്കും മുമ്പ് സിദ്ധാർത്ഥൻ മരിച്ചിരുന്നുവെന്ന് ജെയിംസ് വ്യക്തമാക്കുന്നു. ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സിദ്ധാർത്ഥനെ മർദ്ദിച്ചവരാണ് മൃതദേഹം എടുക്കാൻ കൂടെയുണ്ടായിരുന്നത്. മൃതദേഹം താഴെയിറക്കുമ്പോൾ ഡീൻ സമീപത്തുണ്ടായിരുന്നു. ഡീനിന്റെ സാന്നിധ്യത്തിലാണ് എല്ലാം നടന്നത്. ശരീരം തണുത്തുറഞ്ഞ നിലയിൽ ആയിരുന്നു. മരണം ഉറപ്പിച്ച ശേഷമാണ് മൃതദേഹം താഴെയിറക്കിയതെന്ന് ജെയിംസ് വെളിപ്പെടുത്തി.
സിദ്ധാർത്ഥൻ തൂങ്ങി നിന്ന തുണി അറുക്കാൻ സഹായിച്ചിരുന്നു. എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥൻ. സിദ്ധാർത്ഥൻ മരിച്ചു എന്ന് കുട്ടികൾ പറഞ്ഞത് കേട്ടാണ് ഓടിയെത്തിയത്. ചുറ്റും കൂടുതൽ ഉണ്ടായിരുന്നത് സിദ്ധാർത്ഥനെ മർദ്ദിച്ച പ്രതികളായിരുന്നു. പൊലീസിനെ അറിയിക്കാത്തതിനെ കുറിച്ച് തനിക്ക് അറിയില്ല. പൊലീസ് പറഞ്ഞത് അനുസരിച്ചാണ് മൃതദേഹം മാറ്റുന്നതെന്നാണ് പറഞ്ഞത്. മരിച്ചു എന്ന വിവരം കിട്ടിയ ശേഷമാണ് ബാത്റൂമിലേക്ക് പോയത്. മരിക്കുന്നതിന് മുമ്പ് മർദ്ദനം നടന്നു എന്നറിഞ്ഞിരുന്നു. പക്ഷേ മർദ്ദനം നടന്ന രാത്രി വീട്ടിൽ പോയിരുന്നുവെന്നും ജെയിംസ് കൂട്ടിച്ചേർത്തു.
Post Your Comments