![](/wp-content/uploads/2022/01/hh.jpg)
റാഞ്ചി: ജാർഖണ്ഡിലെ റെയിൽവേ ട്രാക്കിൽ മാവോയിസ്റ്റുകൾ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലുള്ള റെയിൽവേ ട്രാക്കുകളുടെ ഒരു ഭാഗമാണ് സ്‌ഫോടനത്തിൽ തകർന്നത്. ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകളാണ് (സിപിഐ) എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സ്‌ഫോടനത്തെ തുടർന്ന് ഹൗറ-ന്യൂഡൽഹി റൂട്ടിൽ ആറ് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതായി ആർപിഎഫ് ധൻബാദ് സീനിയർ കമാൻഡന്റ് ഹേമന്ത് കുമാർ പറഞ്ഞു. മാവോയിസ്റ്റുകൾ നടത്തിയ സ്‌ഫോടനത്തിൽ ചിച്ചാകി, ചൗധരിബന്ദ് സ്‌റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കാണ് തകർന്നതെന്നും സ്‌ഫോടനത്തെത്തുടർന്ന് രണ്ട് സ്റ്റേഷനുകൾക്കിടയിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 6.30 ഓടെയാണ് ഈ റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിന്റെ പാനൽ ക്ലിപ്പ് തകർന്നിട്ടുണ്ട്. തുടർന്ന്, ഇതുവഴിയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയായിരുന്നു. സിപിഐ നേതാവ് പ്രശാന്ത് ബോസ് എന്ന കിഷൻ ദായെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ സംഘടന ജാർഖണ്ഡിൽ 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് സ്ഫോടനം ഉണ്ടായത്.
Post Your Comments