Latest NewsNewsInternational

24 മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാവാതെ അഗ്നിബാധ, ഇറാന് സഹായവുമായി റഷ്യ, ഓഫീസുകളും സ്കൂളുകളും അടച്ചു

ബന്ദര്‍ അബ്ബാസ്: ഇറാന്റെ തന്ത്രപ്രധാന മേഖലയിലെ തുറമുഖത്ത് വന്‍ സ്‌ഫോടനത്തിന് പിന്നാലെ സഹായവുമായി റഷ്യ. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി മേഖലയില്‍ സ്‌ഫോടനമുണ്ടായതിന് പിന്നാലെ സഹായവുമായി എത്തുന്ന ആദ്യ രാജ്യമാണ് റഷ്യ. നിരവധി എമര്‍ജന്‍സി സര്‍വീസ് വിമാനങ്ങളെയാണ് റഷ്യ മേഖലയിലേക്ക് അയച്ചിട്ടുള്ളത്. സ്‌ഫോടനം നടന്ന് 24 മണിക്കൂര്‍ പിന്നിട്ട ശേഷവും തുറമുഖത്തെ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഇറാന്റെ തെക്കന്‍ മേഖലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ തന്ത്ര പ്രധാനമേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണ സംഖ്യ ഇതിനോടകം 28 ആയിട്ടുണ്ട്. ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ഇറാന്റെ വ്യാപാര മേഖലയില്‍ ജീവനാഡിയായി പ്രവര്‍ത്തിക്കുന്ന തുറമുഖത്താണ് വലിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മേഖലയിലേക്ക് എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനവും അന്വേഷണവും മസൂദ് പെസെഷ്‌കിയാന്‍ വിലയിരുത്തിയിരുന്നു. രാജ്യത്തിന്റെ വ്യാപാരമേഖലയില്‍ നിര്‍ണായകമായ മേഖല കനത്ത പുകയില്‍ മുങ്ങിയ അവസ്ഥയിലാണ് നിലവിലുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിന് പിന്നാലെ മേഖലയിലെ ഓഫീസുകളും സ്‌കൂളുകളും അടച്ചു. മറ്റൊരു അറിയിപ്പ് വരുന്നത് വരെ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ മന്ത്രാലയം വിശദമാക്കിയിട്ടുള്ളത്. പുറത്തിറങ്ങേണ്ടി വന്നാല്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നത്.

പദ്ധതിയിട്ടുള്ള ആക്രമണം എന്നതിലുപരിയായി അപകടമാണ് നടന്നതെന്നാണ് സ്‌ഫോടനത്തേക്കുറിച്ചുള്ള പ്രാഥമിക നിഗമനം. ഇതിന് വിപരീതമായ രീതിയിലുള്ള നിരീക്ഷണം നടത്തിയ മാധ്യമ സ്ഥാപനങ്ങള്‍ക്ക് എതിരെ വിവിധ കേസുകള്‍ എടുത്തതായാണ് തെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കണ്ടെയ്‌നറിന് സമീപത്തായി അഗ്‌നി ഉയരുന്നതും ഇത് അതിവേഗം പടരുന്നതുമായുള്ള സിസിടിവി വീഡിയോകളും ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്‌ഫോടനത്തിന്റെ കാരണമെന്താണെന്ന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന കെമിക്കലുകള്‍ക്ക് ഉയര്‍ന്ന താപനിലയില്‍ തീ പിടിച്ചതായാണ് പുറത്തുവരുന്ന വിവരം. അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തോടുള്ള സഹാനുഭൂതിയും പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടേയെന്നുമാണ് ക്രംലിന്‍ വെബ്‌സൈറ്റ് വിശദമാക്കുന്ന്. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ മൂന്നാം ഘട്ടത്തിലെത്തിയപ്പോഴാണ് ഇറാന്റെ തന്ത്രപ്രധാന മേഖലയിലെ സ്‌ഫോടനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button