ഇസ്താംബൂൾ: ആദമിനെയും ഹവ്വയെയും അപകീർത്തിപ്പെടുത്തിയാൽ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തുർക്കി പ്രസിഡന്റ് ത്വയിപ് റജബ് എർദോഗൻ. ഇതിഹാസ ഗായിക സെസെൻ അക്‌സുവിനെതിരെയാണ് എർദോഗൻ ഭീഷണി ഉയർത്തിയിരിക്കുന്നത്.
ഇസ്താംബൂളിലെ ഗ്രാൻഡ് കാംലിക്ക പള്ളിയിലെ പ്രാർത്ഥനയ്‌ക്ക് ശേഷമാണ് എർദോഗൻ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം, ആദമിനെയും ഹവ്വയെയും വിമർശിച്ചു കൊണ്ട് അക്സുവിന്റെ പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നു.
ഇതേ തുടർന്നാണ് അക്സുവിനെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
നമ്മുടെ പ്രവാചകനായ ആദമിനെ അപകീർത്തിപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നവരുടെ നാവുകൾ മുറിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ അമ്മ ഹവ്വയോട് ആ വാക്കുകൾ പറയാൻ ആരുടെ നാവിനെയും അനുവദിക്കില്ലെന്ന് എർദോഗൻ കൂട്ടിച്ചേർത്തു.
ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും സർക്കാർ അനുകൂല സംഘടനകളുടെയും ആക്രമണത്തിന്റെ ഇരയാണ് അക്‌സു. 2017-ൽ പുറത്തിറങ്ങിയ അവരുടെ ഒരു ഗാനത്തിന് ഭീഷണി ഉയർന്നിരുന്നു. ചരിത്ര പുരുഷന്മാരെയും ഇസ്ലാമിക ധാർമ്മിക മൂല്യങ്ങളെയും അക്സു പലപ്പോഴും അവഹേളിക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്ത് പ്രവർത്തിക്കുന്ന ടെലിവിഷൻ, റേഡിയോ ചാനലുകളോട് അക്സുവിന്റെ ഗാനം പ്ലേ ചെയ്യരുതെന്നും അങ്ങനെ ചെയ്‌താൽ കനത്ത പിഴയും ഉപരോധവും ഏർപ്പെടുത്തുമെന്ന താക്കീതും എർദോഗൻ നൽകിയിട്ടുണ്ട്.
Post Your Comments