തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളം റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെ ആണ് അന്വേഷണം ആരംഭിക്കുന്നത്. പരാതി ലഭിച്ച് ആറ് മാസങ്ങൾക്ക് ശേഷമാണ് നടപടി. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടർന്നാണ് അനന്യ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്തി വസ്തുതാ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മണിക്കൂറുകൾക്കകമാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ അനന്യ തൂങ്ങി മരിച്ചത്. ഒരു വർഷം മുൻപ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അനാസ്ഥയെ തുടർന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ പരാതിപ്പെട്ടിരുന്നു. അനന്യയ്ക്ക് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ആത്മഹത്യ ചെയ്തു.
Also read: സര്‍ക്കാരിന്റെ അനാസ്ഥയാണ് രോഗ വ്യാപനത്തിന് കാരണം, കോളേജുകൾ അടച്ചിടണം: എന്‍എസ്‌എസ്
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ അനന്യ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഏറെനേരം എഴുന്നേറ്റ് നിൽക്കാൻ പോലും അവർക്ക് കഴിഞ്ഞിരുന്നില്ല. ചികിത്സാപ്പിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി പിതാവ് അലക്‌സാണ്ടർ ആരോപിച്ചു. വേദനകൊണ്ട് പിടഞ്ഞപ്പോൾ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. നിങ്ങൾ എന്നെ പരീക്ഷണ വസ്തുവാക്കുകയാണോ എന്ന് ആശുപത്രി അധികൃതരോട് അനന്യ ചോദിച്ചിരുന്നതായും അലക്‌സാണ്ടർ പറഞ്ഞു.
Post Your Comments