ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയ ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് അവന്തിക താൻ കടന്നു പോയ വേദനാജനകമായ അനുഭവത്തെ കുറിച്ച് പങ്കുവച്ച കുറിപ്പ് വൈറൽ. തന്‍റെ ഫേസ്ബുക്ക് പേജിലാണ് അവന്തിക കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അവന്തികയുടെ കുറിപ്പ്
കുറേ വേദനകൾ സഹിച്ചുതന്നെ സ്ത്രീയായി മാറിയതാണ്. ഒരുപക്ഷേ പ്രസവവേദനയെക്കാളും ഇരട്ടിയുടെ ഇരട്ടി വേദന. ഒരു സുപ്രഭാതത്തിൽ തോന്നിയ ഒന്നല്ലായിരുന്നു അത്. വർഷങ്ങളോളം മനസ്സിൽ കൊണ്ട് നടന്ന ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അത് മാത്രമായിരുന്നു. പല പ്രതിസന്ധികൾ എന്റെ മുന്നിലൂടെ കടന്നുവന്നു. നേരിടാൻ വളരെ പ്രയാസപ്പെട്ടു. കോയമ്പത്തൂർ വേലാ ഹോസ്പിറ്റലിന്റെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറുന്ന സമയം മരണം വരെ സംഭവിക്കാം എന്നറിഞ്ഞുകൊണ്ട് ഈ സർജറി ചെയ്യാൻ സമ്മതമാണ് എന്ന് മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടുകൊടുത്തുപ്പോൾ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല, തിരികെ ഈ ലോകം എനിക്ക് കാണാൻ സാധിക്കുമെന്ന്. വൈകുന്നേരം 7 മണിക്കാണ് എന്നെ സർജറിക്കായി ഓപ്പറേഷൻ തീയേറ്ററിൽ കയറ്റുന്നത്. കയറുന്ന സമയം സന്തോഷവും അതിലുപരി ടെൻഷനും ആയിരുന്നു.
read also: കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുൻനിർത്തിയുള്ള ബഫർസോൺ നിർണ്ണയം വേണം: മുഖ്യമന്ത്രി
കയറി കഴിഞ്ഞപ്പോൾ തന്നെ ഞാൻ ആദ്യം കണ്ടത് എന്റെ സർജറിക്കായി കൊണ്ട് വന്നിരിക്കുന്ന ഉപകരണങ്ങൾ ഓരോന്നായി അഴിച്ചു വെക്കുന്നതാണ്. വലിയ രണ്ടു ഭാണ്ഡകെട്ടുകൾ ആയിരുന്നു അത്. കയറി കിടന്നോളാൻ ഡോക്ടർ പറയുന്നു. ഞാൻ കിടന്ന് കുറച്ചുനേരം കഴിഞ്ഞപ്പോൾ വേറെ ഡോക്ടർമാർ അവിടേക്ക് എത്തി. എന്നോട് എന്റെ ഡോക്ടർ എണീറ്റ് നടുഭാഗം കുനിച്ചുവെച്ച് ഇരുന്നോളാൻ പറഞ്ഞു. ഒരു ഇൻജെക്ഷൻ എടുക്കാനുണ്ട് എന്ന് പറഞ്ഞു. സിറിഞ്ച് കൊണ്ട് ഇൻജെക്ഷൻ എടുക്കുന്ന സമയം എന്റെ കാലുകൾ ചെറുതായി മരവിക്കുന്ന പോലെ തോന്നി. ഡോക്ടർ എന്റെ കാലിൽ തൊട്ടിട്ട് ചോദിച്ചു, അറിയുന്നുണ്ടോ സ്പർശിക്കുന്നത് എന്ന്… ഞാൻ അറിയാം എന്ന് പറയുന്ന താമസം അടുത്ത ഇൻജെക്ഷൻ എന്റെ നട്ടെല്ലിൽ കിട്ടി. വീണ്ടും അതുപോലെ ചോദിച്ചു, അറിയാം എന്ന് ഉത്തരം നൽകിയപ്പോൾ പിന്നെയും ഇൻജെക്ഷൻ എടുത്തു. എത്ര ഇൻജെക്ഷൻ എടുത്തെന്ന് എനിക്കോർമ്മ ഇല്ല. ആദ്യത്തെ ഒരു മൂന്നു ഇൻജെക്ഷൻ ഓർമ്മയുണ്ട്. അവസാനം സ്പർശിക്കുന്നത് അറിയുന്നില്ല എന്ന് പറഞ്ഞപ്പോൾ ഉടനെ Lets start എന്നൊരു വാക്കു മാത്രം കേട്ട് എന്റെ വയറിന്റെ ഭാഗത്തു ഒരു സ്ക്രീൻ വെച്ച് മറച്ചു കണ്ണുകൾ കണ്ണടയും പഞ്ഞിയും വെച്ച് അടച്ചു. അപ്പോൾ എനിക്ക് അരക്കുതാഴേക്കു ശരീരം ഉള്ളതായി പോലും തോന്നുന്നില്ലായിരുന്നു.
ഞാൻ അടുത്ത് നിന്ന ലേഡി ഡോക്ടറോട് ചോദിച്ചു, എന്താ ഫുൾ ബോധം പോകാത്തതു എന്ന്. ചോദിച്ചപ്പോൾ കണ്ണടച്ച് കിടന്നോളാൻ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ആ ഡോക്ടർ എന്റെ വീട്ടിൽ ആരൊക്കെ എന്താ ചെയ്യുന്നേ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു ഒരു പക്ഷേ ടെൻഷനിൽ നിന്നും എന്നെ മാറ്റാൻ ആവും. അവസാനം അടിവയറ്റിന്റെ അവിടെന്നു ഒരു വലിവ് പോലെ അനുഭവപെട്ടു. Ac ഉള്ള തീയേറ്ററിൽ ഞാൻ വെട്ടിവിയർക്കാൻ തുടങ്ങി. എനിക്ക് ഫാൻ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഡോക്ടർ ഫാനും വെച്ചുതന്നു, ഞാൻ ചോദിച്ചു, ഡോക്ടർ സർജറി കഴിയാറായോ എന്ന്. എന്നോട് പറഞ്ഞ് സ്റ്റിച്ചു ഇടുകയാണ് ചിലപ്പോൾ അതാകും വലിവ് ഉണ്ടായത് എന്ന്. പിന്നീട് കുറച്ചുനേരം ഞാനുറങ്ങി പോയി. പിന്നീട് തട്ടിവിളിക്കുമ്പോൾ ആണ് ഞാൻ കണ്ണ് തുറക്കുന്നത്. എന്നോട് finished എന്ന് പറയുകയും ഉണ്ടായി. അപ്പോൾ കണ്ണിലെ ഗ്ലാസ് മാറ്റി കണ്ണ്തുറന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഞാൻ ഒരു സ്ത്രീ ആയി മാറിയല്ലോ എന്നുള്ള സന്തോഷം.
അപ്പോൾ തന്നെ bed ഷിഫ്റ്റ് ചെയ്തു എന്നെ ഒബ്സെർവഷൻ റൂമിലേക്ക് കൊണ്ടുപോയി. അവിടെ ഒരു നേഴ്സ് കൂട്ടിരുന്നു ആദ്യം ആരെ കാണണമെന്ന് ചോദിച്ചു. എനിക്ക് തൃപ്തി മമ്മിയെ കാണണമെന്ന് പറഞ്ഞു. കണ്ടു സംസാരിച്ചു, മമ്മി ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഡോക്ടറോട് ചോദിച്ചു ഇത്തിരി പഞ്ഞിയിൽ വെള്ളം മുക്കി തന്നു. അധികം വെള്ളം കൊടുക്കരുതെന്ന് ഡോക്ടർ പറഞ്ഞിരുന്നു.
പിന്നീട് ഒബ്സെർവേഷൻ ടൈം കഴിഞ്ഞതിനു ശേഷം റൂമിലേക്ക് മാറ്റി. റൂമിനു വെളിയിൽ ഞാൻ ഈ കമ്മ്യൂണിറ്റിയിൽ അമ്മ ആയി സ്വീകരിച്ച വെക്തി എന്റെ രെഞ്ചുമോൾ അമ്മ അവിടെ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. കൈയ്യിൽ പിടിച്ചു എന്നോട് ചോദിച്ചു സന്തോഷം ആയില്ലേ എന്ന്. ഒരു തലയാട്ടലിലൂടെ മറുപടി കൊടുത്തു. പിന്നീട് എന്നെ ഒരു 5 ദിവസം ഹോസ്പിറ്റലിൽ കിടത്തി നോക്കിയത് രെഞ്ചുമോൾ അമ്മ ആയിരുന്നു . പിറ്റേദിവസം ഡോക്ടർ ഡ്രസ്സ് ചെയ്യാൻ വന്നപ്പോൾ എനിക്ക് ബ്ലീഡിങ് ഉണ്ടായത് എനിക്കൊരിക്കലും മറക്കാൻ ആവില്ല. കിടന്ന bed ലെ ഷീറ്റു മുഴുവൻ രക്തത്തിൽ കുളിച്ചിരുന്നു. ഓരോ ദിവസവും കഠിനവേദനകൾ ആയിരുന്നു. 3 ന്റെ അന്ന് ഡോക്ടർ വന്നു പതുക്കെ എന്നെ എഴുന്നെൽപ്പിച്ചു. എണീറ്റ് നില്ക്കാൻ പോലും പറ്റാത്ത അവസ്ഥ , തലകറങ്ങി വീണ്ടും bed ൽ തന്നെ. വൈകുന്നേരം പതുക്കെ ഒന്ന് എണീക്കാൻ നോക്കണമെന്ന് ഡോക്ടർ പറഞ്ഞു അതനുസരിച്ചു അമ്മ എന്നെ എണീപ്പിച്ചു നടത്താൻ ശ്രമിച്ചു. നേരെ എണീറ്റ് നില്ക്കാൻ പറ്റാത്ത അവസ്ഥയിൽ വേദനകൊണ്ട് അമ്മയുടെ തോളിൽ പിടിച്ച് ആദ്യ നടത്തം. ഒരു കുട്ടി എങ്ങനെ ആദ്യം നടക്കാൻ പഠിക്കുന്നു, അതുപോലെ.
പക്ഷേ നടക്കുമ്പോൾ കാലിലൂടെ രക്തം വരുന്നുണ്ടായിരുന്നു. പേടിക്കേണ്ട, കുറച്ചുനേരം നടന്നോളാൻ ഡോക്ടറും പറഞ്ഞു.
മരുന്നിന്റെ എഫക്റ്റ് കഴിയുമ്പോൾ അസഹനീയമായ വേദനകൾ ആണ്. പല രാത്രികളിലും നേരെ ഉറങ്ങാൻ സാധിച്ചിട്ടില്ല. കൂടെയുള്ളവരെ ഉറക്കിയിട്ടുമില്ല. 4ആം ദിവസം ട്യൂബ് പിടിച്ചു കൊണ്ട് തനിയെ നടന്നു , വേദനസഹിച്ചു , 5 ആം ദിവസം രാവിലെ ട്യൂബ് ഊരാൻ ഡോക്ടർ വന്നു. ട്യൂബ് ഊരിയപ്പോൾ ഒരു വല്ലാത്ത വേദന 6 ആം ദിവസം ഡിസ്ചാർജ്.
തിരികെയുള്ള യാത്ര ട്രെയിനിൽ ആണ്. സ്ലീപ്പർ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പടികൾ ഓരോന്നായി നടന്നുകയറി പതിയെ പതിയെ, ട്രെയിൻ വന്നു ഉള്ളിൽ കയറി ഒരു വിധത്തിൽ സീറ്റിൽ കിടന്നു. പക്ഷേ ട്രെയിൻ കുലുങ്ങുന്ന കൊണ്ട് നല്ല വേദന അനുഭവപ്പെട്ടു . സഹിച്ചു നാട്ടിലെത്തി. പിന്നീട് ഒരു മാസത്തോസം നല്ല വേദന ആയിരുന്നു . സ്ത്രീയായി മാറിയതിനു ശേഷമുള്ള ആദ്യകുളി ആഘോഷം ആയിരുന്നു. കുറേ ആളുകളൊക്കെ വന്നിരുന്നു മഞ്ഞൾ തേച്ചു പിടിപ്പിച്ചു വേദ് വെള്ളത്തിൽ ഉള്ള ഒരു കുളി. ഒരു ചടങ്ങു തന്നെ ആയിരുന്നു. പെൺകുട്ടികൾ ആദ്യം മാസമുറ ആകുന്ന സമയത്തേത്പോലുള്ള ചടങ്ങുകൾ,. 11 ആം തണ്ണി എന്ന് പേരിട്ടു വിളിച്ച എന്റെ ആദ്യകുളി പിന്നീട് എല്ലാ ദിവസവും കുളിക്കാം. നടുവിനു ചൂടുവെള്ളം ഒഴിച്ചും, ചൂട് പിടിച്ചും സ്റ്റിച്ചു താനേ പോകാൻ ചൂടുവെള്ള പ്രയോഗവും എല്ലാം ഒരു കൗതകത്തോട് ഞാൻ നോക്കി കണ്ടു. ആദ്യമായി കുളിപ്പിച്ചത് സൂര്യാമ്മ ആയിരുന്നു എങ്ങനെ കെയർ ചെയ്യണമെന്ന് സൂര്യാമ്മ പറഞ്ഞു തന്നു. പിന്നീട് തൃപ്തി മമ്മിയും ന്റെ രെഞ്ചുമോൾ അമ്മയും കുളിപ്പിക്കൽ ആയി. പതിയെ പതിയെ താനേ കുളിക്കാൻ തുടങ്ങി , വേദനകൾ അപ്പോഴും കൂട്ടായി ഉണ്ടായിരുന്നു.
41 ദിവസങ്ങൾക്കു ശേഷം എന്റെ ജൽസ ചടങ്ങ്. തലയിൽ പാൽകുടവും ഏന്തി സ്ത്രീപുരുഷ സമന്വയം ആയ ശിവന്റെ ആലുവ ക്ഷേത്രത്തിന്റെ എതിരെ ശിവന് ദർശനം ആയി വരുന്ന ഭാഗത്തു എനിക്ക് എന്റെ ചടങ്ങുകൾ ഭംഗിയായി തീർക്കുവാൻ സാധിച്ചു. അതും വലിയൊരു ഭാഗ്യം ആയി ഞാൻ കാണുന്നു. ചടങ്ങുകൾക്കു ശേഷം ആണ് ഞാൻ ശെരിക്കും ആളുകളെ കാണുന്നതും പുറംലോകം കാണുന്നതും. സ്ത്രീ ആയിമാറിയതിനു ശേഷമുള്ള ആദ്യ യാത്ര കോട്ടയത്തേക്ക്. വീട്ടിലേക്കും പോയി, എല്ലാവരെയും കണ്ടു സമാധാനമായി ഞാൻ ഒരു സ്ത്രീ ആയി എന്ന് ഈ ലോകത്തോട് തുറന്നുപറഞ്ഞ ഒരു അവസരം. വേദനകളുടെ ലോകത്തു ആണ് ഞങ്ങളുടെ ജീവിതം. മാനസികമായും, ശാരീരികമായും ഉള്ള വേദനകൾ. അതിനിടയിൽ ചിലരുടെ കുത്തുവാക്കുകൾ, കളിയാക്കലുകൾ ഒരു പക്ഷേ ഞാനൊക്കെ ഈ ചെറുപ്രായത്തിനിടയിൽ അനുഭവിച്ചതൊന്നും ആരും അനുഭവിച്ചിട്ടുണ്ടാവില്ല. ദൈവം തന്ന ജീവിതം ദൈവം ആയിട്ട് എടുക്കുന്നത് വരെ ജീവിച്ചേ പറ്റൂ, അതിനിടയിൽ പല പ്രതിസന്ധികളും നേരിടേണ്ടി വരും. എല്ലാം നല്ലതിന്.
Post Your Comments