KeralaLatest News

‘സ്വകാര്യഭാഗം ചെത്തിക്കളഞ്ഞ് പച്ചമാംസം പുറത്തേക്ക്,8 മുതല്‍ 12 വരെ പാഡ് മാറ്റേണ്ടിവന്നു’ അനന്യയുടെ വാക്കുകൾ 

'സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്'

കൊച്ചി: ട്രാന്‍സ് വുമണ്‍ അനന്യ കുമാരിയുടെ മരണത്തിലേക്ക് നയിച്ചത് ലിംഗ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോക്ടറെന്ന് ആരോപണം. കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പ് ദ ക്യൂ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലിംഗ ശസ്ത്രക്രിയയിലെ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.

2020 ല്‍ പാലാരിവട്ടത്തെ റെനയ് മെഡിസിറ്റി എന്ന ആശുപത്രിയില്‍ വെച്ച് പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്‌മെന്റ് ഡോക്ടര്‍ അര്‍ജുന്‍ അശോക് ആണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്‌തെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ,

‘എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്’ ഇത്രയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടും റെനയ് ആശുപത്രിയും ഡോക്ടര്‍മാരും തന്റെ പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും പകരം തന്റെ വായടിപ്പാക്കാനാണ് ശ്രമിച്ചതെന്നും അനന്യ അന്ന് വെളിപ്പെടുത്തി.

ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകിന്റെ ഭാര്യയും റെനയ് ആശുപത്രിയിലെ തന്നെ ഡോക്ടറുമായ ഡോ. സുജ സുകുമാറിനെതിരെയും ആരോപണമുണ്ട്.അടുത്തിടെ ട്രാന്‍സ് ജെന്‍ഡര്‍ വിഷയവുമായി ബന്ധപ്പെട്ട് ക്ലബ് ഹൗസില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ താന്‍ സംസാരിക്കാന്‍ ശ്രമിക്കവെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഡോ. സുജ സുകുമാര്‍ ഇത് തടഞ്ഞെന്നും അനന്യ അന്ന് ചൂണ്ടിക്കാട്ടി. തന്നെ ചികിത്സിച്ചതിന്റെയും നടത്തിയ ശസ്ത്രക്രിയകളുടെയും വിശദ മെഡിക്കല്‍ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് അനന്യ ആരോപിച്ചിരുന്നു.

ഒമ്പത് ദിവസം ഇതിനായി വിളിച്ചപ്പോഴും മോശമായ രീതിയിലാണ് തന്നോട് സംസാരിച്ചതെന്നും ഈ ട്രാന്‍സ് യുവതി അന്ന് ചൂണ്ടിക്കാട്ടി. അതേസമയം ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ളാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കും.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button