തിരുവനന്തപുരം: ഡോ. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ആറ് മാസത്തേക്ക് കൂടി നീട്ടിയെങ്കിലും നടപടി വൈകുന്നതിലുള്ള സ്ഥലയുടമകളുടെ ആശങ്ക തുടരുന്നു. സ്ഥലയുടമകൾക്ക് എപ്പോൾ പണം ലഭിക്കും എന്ന കാര്യത്തിൽ ഉൾപ്പെടെ അവ്യക്തത തുടരുകയാണ്. ഈ മാസം കാലാവധി അവസാനിക്കവെയാണ് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ആറ് മാസത്തേക്ക് കൂടി നീട്ടിയത്.
ഒരു വർഷം മുൻപാണ് സാങ്കേതിക സർവ്വകലാശാല വിളപ്പിൽശാലയിൽ ആസ്ഥാനമന്ദിരത്തിന് 100 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം ഇറക്കിയത്. അടുത്ത ആഴ്ച ഈ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കവെയാണ് ആറ് മാസത്തേക്ക് കൂടി നീട്ടിയത്. എന്നാൽ 50 ഏക്കർ ഭൂമി മതിയെന്ന നിലപാടിൽ നിന്ന് സർവ്വകലാശാല മാറിയിട്ടില്ല. ഇതിനായി സർവ്വകലാശാല ഇതുവരെ 106 കോടി രൂപ നൽകിയിട്ടുണ്ട്. അപ്പോൾ ബാക്കി അൻപത് ഏക്കർ ഏറ്റെടുക്കുന്നത് എന്തിനാണ്, എവിടെയാണ് അൻപത് ഏക്കർ ഏറ്റെടുക്കുന്നത് എന്നീ കാര്യങ്ങളിലെ അവ്യക്തത തുടരുകയാണ്.
ഏറ്റെടുത്ത ഭൂമിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് പണം നൽകും എന്നായിരുന്നു സർവ്വകലാശാലയുടെ പ്രഖ്യാപനം. എന്നാൽ സർവ്വകലാശാല ഇതുവരെ നൽകിയ പണം 176 കുടുംബങ്ങൾക്ക് സ്ഥലത്തിന്റെ പണം നൽകാൻ പര്യാപ്തമല്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ചും സർവ്വകലാശാല വ്യക്തത വരുത്തിയിട്ടില്ല.
Post Your Comments