
താമരശ്ശേരി: പുതുപ്പാടിയിൽ പട്ടാപകൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പുതുപ്പാടി കരികുളം സ്വദേശിയുടെ മകനായ ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പതരക്കാണ് സംഭവം. ഒമ്നി വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.
സ്കൂളിലേക്കുളള യാത്രക്കിടെ പൂലോട് പാലത്തിന് സമീപം വെച്ച് വിദ്യാർഥിയോട് അജ്ഞാത സംഘം പേരും വീട്ടുപേരും ചോദിച്ചു. ഇതിനിടയിൽ ബലമായി വാഹനത്തിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥി ബഹളം വെച്ച് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. സംഘത്തിൽ നാലുപേരാണുണ്ടായിരുന്നതെന്ന് വിദ്യാർഥി പറഞ്ഞു.
വാഹനത്തിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ കൈക്ക് പരിക്കേൽക്കുകയും ബാഗ് കീറുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം സ്കൂളിലെത്തി പ്രധാനാധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് സ്കൂളിലും സംഭവസ്ഥലത്തും എത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസ് തൊട്ടടുത്തുള്ള സി.സി.ടി.വി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Post Your Comments