
കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ അറസ്റ്റിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് യുവാക്കൾ തട്ടിക്കൊണ്ടുപോയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇർഫാനും സുൽഫിക്കറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ഒപ്പം കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാക്കളെയും ആലുവയിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments