കൊല്ലം: നഗരത്തിലെ പ്രമുഖ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച കേസിൽ പ്രതികളായ അധ്യാപികമാർ കുറ്റക്കാരല്ലെന്നു കോടതി. 2017 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ചികിത്സയിലിരിക്കെ മൂന്ന് ദിവസം കഴിഞ്ഞു കുട്ടി മരിച്ചു. അദ്ധ്യാപികമാരുടെ മാനസിക പീഡനം കൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി കുറ്റപത്രം നൽകി.
കുട്ടിയുടെ അനുജത്തിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ സംസാരിച്ചതിന് അധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. ഇതിനെ പെണ്‍കുട്ടി ചോദ്യം ചെയ്തു. തുടർന്ന് അധ്യാപികയായ സിന്ധുപോള്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. തന്റെ വീട്ടില്‍ കുട്ടി ട്യൂഷനു വരുന്നില്ലെന്നതാണ് രണ്ടാംപ്രതി ക്രസന്‍സിന് കുട്ടിയോടുള്ള വിരോധത്തിനു കാരണമായി പറഞ്ഞത്.
സിന്ധുപോള്‍ കുട്ടിയെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ശകാരിച്ചശേഷം പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയതിലുള്ള മാനസികവിഷമത്താല്‍ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു വെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സ്‌കൂളിലെ സി.സി.ടി.വി.ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി. എന്നാല്‍, കുട്ടി സഹോദരിയുടെ ക്ലാസില്‍ ചെന്ന് ആ ക്ലാസിലെ കുട്ടികളുമായി വഴക്കുകൂടിയതിനെ തുടര്‍ന്ന് അത് ആവര്‍ത്തിക്കരുതെന്ന് അധ്യാപികമാര്‍ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം വാദിച്ചു. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദാണ് വിധി പറഞ്ഞത്.
Post Your Comments