ബെംഗളൂരു: കര്‍ണാടകയിലെ കോളേജുകളില്‍ യൂണിഫോം സിസ്റ്റം നടപ്പാക്കാനൊരുങ്ങി പ്രീ യൂണിവേഴ്‌സിറ്റി വകുപ്പ്. കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് അധികൃതര്‍ നിരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏകദേശം ഒരു മാസത്തോളമായി ഹിജാബ് വിഷയത്തില്‍ സംസ്ഥാനത്ത് വിവാദങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ യൂണിഫോം നീക്കം.
ഹിജാബ് നിരോധനം ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം കോളേജില്‍ ചേര്‍ന്ന യോഗത്തിലാണ് യൂണിഫോം രീതിയിലേക്ക് മാറാനുള്ള നിര്‍ദേശമുയര്‍ന്നത്. കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷിന്റെ നേതൃത്വത്തില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു കോളേജില്‍ നിന്നും ആറ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കുകയായിരുന്നു.
‘ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഞങ്ങളുടെ മൗലികാവകാശങ്ങളാണ്, മറ്റൊന്നുമല്ല. സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിന് ഞങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് അവര്‍. അവരുടെ രീതിക്ക് വഴങ്ങുന്നത് വരെ ഞങ്ങള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. 20 ദിവസമായി ഇത് തുടരുന്നു. ഞങ്ങള്‍ ആബ്‌സെന്റ് ആണെന്നാണ് അവര്‍ രേഖപ്പെടുത്തുന്നത്’- പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ത്ഥിനി പറഞ്ഞതായി ഇന്ത്യന്‍ എസ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഡെസ്‌കില്‍ എത്തുന്നത് വരെ ഹിജാബും ബുര്‍ഖയും ധരിക്കാനുള്ള അനുമതി പെണ്‍കുട്ടികള്‍ക്കുണ്ടെന്നും എന്നാല്‍ ക്ലാസ് ആരംഭിച്ച് കഴിഞ്ഞാല്‍ അവര്‍ അത് ഊരിമാറ്റണമെന്നുമാണ് കോളേജ്പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ പ്രതികരിച്ചത്.
Post Your Comments