ബംഗളൂരു: ഉഡുപ്പിയിലെ ഗവ. പി.യു കോളജിലെ ഹിജാബ് വിവാദം അവസാനിപ്പിച്ചതായി അധികൃതർ. ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കുന്നതുവരെ ക്ലാസിൽ കയറില്ലെന്ന നിലപാടിൽ പെൺകുട്ടികൾ. സ്കൂൾ കാമ്പസിൽ ഹിജാബ് ധരിക്കാമെന്നും എന്നാൽ, ക്ലാസിൽ തലമറക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടിയ സ്കൂൾ അധികൃതർ ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയായി പെൺകുട്ടികൾ തലമറക്കാനുള്ള അവകാശത്തിനായുള്ള സമരത്തിലാണ്. ഡിസംബർ 31 മുതൽ സ്കൂൾ രേഖകളിൽ ഈ വിദ്യാർഥിനികൾക്ക് ഹാജരില്ല.
തലമറച്ചതിന്റെ പേരിൽ ആറു പെൺകുട്ടികളെ ക്ലാസിൽ നിന്ന് പ്രിൻസിപ്പൽ രുദ്രെ ഗൗഡ പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുസ്ലിം പെൺകുട്ടികളുടെ മതപരമായ അവകാശം ചൂണ്ടിക്കാട്ടി ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും ഇതിന്റെ പേരിൽ പെൺകുട്ടികളെ ക്ലാസിൽനിന്ന് തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും (ജി.ഐ.ഒ) കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും (സി.എഫ്.ഐ) കോളജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
Post Your Comments