പൈനാവ്: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് അംഗവുമായ സോയ്മോന്‍ സണ്ണി ആണ് പിടിയിലായത്. ചെലച്ചുവട്ടിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ധീരജിനെ കൊലപ്പെടുത്തിയ കേസിലെ കത്തിയടക്കമുള്ള പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതുവരെ കത്തി കണ്ടെത്താനാകാത്തത് പൊലീസിനെ കുഴക്കുകയാണ്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിന് മുന്നിലുള്ള വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് ഒന്നാം പ്രതി നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞത്. നിഖിലിനെ പ്രദേശത്ത് എത്തിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായിട്ടില്ല.
നിഖില്‍ പൈലി, രണ്ടാം പ്രതി ജെറിന്‍ ജോജോ എന്നിവരെ ഈ മാസം 22 വരെയും മറ്റു പ്രതികളായ ജിതിന്‍, ടോണി, നിതിന്‍ എന്നിവരെ ഈ മാസം 21 വരെയും ഇടുക്കി ജില്ല കോടതി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
Post Your Comments