ചണ്ഡീഗഡ് : നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയ്‌ക്ക് മങ്ങലേൽപ്പിച്ച് അഞ്ച് നേതാക്കൾ പാർട്ടി വിട്ടു. മുതിർന്ന നേതാക്കളായ ഭഗ്വന്ദ്പാൽ സിംഗ്, പ്രദീപ് സിംഗ് ഭുള്ളർ, രത്തൻ സിംഗ് സൊഹൽ, പരംജീത് സിംഗ് രൺദാവാ, തജീന്ദർപാൽ സിംഗ് എന്നിവരാണ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. പാർട്ടിവിട്ട അഞ്ച് പേരും ബിജെപിയിൽ ചേർന്നു.ബിജെപി ദേശീയ സെക്രട്ടറി തരുൺ ചുംഗിന്റെ നേതൃത്വത്തിലായിരുന്നു അഞ്ച് നേതാക്കളുടെയും പാർട്ടി പ്രവേശനം.
നേതാക്കളെ അദ്ദേഹം ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. അധികം വൈകാതെ പഞ്ചാബ് കോൺഗ്രസ് മുക്തമാകുമെന്ന് വേദിയിൽ തരുൺ ചുംഗ് പറഞ്ഞു. നിലവിൽ കോൺഗ്രസ് പാർട്ടിയ്‌ക്കകത്തുതന്നെ അസ്വാരസ്യങ്ങൾ രൂക്ഷമാണ്. ഇതിനിടെയുണ്ടാകുന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
നിലവിൽ കോൺഗ്രസ് വിട്ട അഞ്ച് പേരും ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ഉള്ളവരാണ്. ഇതാണ് പാർട്ടിയെ കൂടുതൽ ആശങ്കയിലാഴ്‌ത്തുന്നത്. പഞ്ചാബിൽ ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും. പഞ്ചാബിൽ ആം ആദ്മി പാർട്ടിയും ശിരോമണി അകാലിദളും അമരീന്ദർ സിംഗിന്റെ പാർട്ടിയും ഇപ്പോൾ ബിജെപിയും കോൺഗ്രസിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്.
Post Your Comments