Latest NewsKeralaCinemaMollywoodNewsEntertainment

‘ശ്രീകാന്ത് വെട്ടിയാർ എന്നല്ല, ഇവിടെയുള്ള ഒരു മനുഷ്യൻ പോലും പുരോഗമന ചിന്താധാരയുടെ തന്തയല്ല’: യുവതിയുടെ വൈറൽ കുറിപ്പ്

തിരുവനന്തപുരം: പ്രശസ്ത കോമേഡിയൻ താരം ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള മീ ടൂ വിവാദം പുറത്തുവന്നതോടെ ഇയാൾക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. പുരോഗമന ചിന്താഗതിക്കാരനായ ശ്രീകാന്ത് വെട്ടിയാരെ വെളുപ്പിക്കാനുള്ള ശ്രമവും സോഷ്യൽ മീഡിയയിലെ ചില ഗ്രൂപ്പുകളിൽ നടന്നിരുന്നു. ഇപ്പോഴിതാ, റേപിസ്റ്റായ ശ്രീകാന്ത് വെട്ടിയാർ എന്നല്ല, പുരോഗമനവാദി എന്ന് പലരും വിശ്വസിക്കുന്ന ഇവിടെയുള്ള ഒരു മനുഷ്യൻ പോലും പുരോഗമന ചിന്താധാരയുടെ തന്തയല്ലെന്ന് യുവതി വ്യക്തമാക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഇപ്പോൾ ഇവിടുള്ള മുഴുവൻ മനുഷ്യനും ചത്തുപോയാലും എല്ലാക്കാലവും തലക്ക് വെളിച്ചമുള്ള ഒരു കൂട്ടർ ഈ ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോകുക തന്നെ ചെയ്യുമെന്നും ദേവിക എം.എ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. വെട്ടിയാരുടെ കാര്യത്തിൽ ഞെട്ടിയില്ലെന്നും യുവതി വ്യക്തമാക്കുന്നു.

Also Read:നമ്മുടെ പൂര്‍വികര്‍ രക്തവും ജീവനും നല്‍കി നേടിയെടുത്ത ഇന്ത്യ, ജനാധിപത്യം തിരിച്ച് പിടിക്കും: പോപുലര്‍ ഫ്രണ്ട്

‘ഏറ്റവും നിഷ്കളങ്കമായി പൊട്ടി കരയുന്നവർ തന്നെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളും ചെയ്യുന്നു. ഏറ്റവും മനോഹരമായി സ്നേഹിക്കുന്നു എന്നു കരുതുന്നവർ തന്നെ ഏറ്റവും മൃഗീയമായി അക്രമിക്കുന്നു. മനുഷ്യരുടെ സ്വഭാവ വൈകൃതങ്ങൾ , വൈരുദ്ധ്യങ്ങൾ, ക്രിമിനൽ മാനസികാവസ്ഥകൾ , കാപട്യങ്ങൾ, സ്വാർത്ഥ താൽപര്യങ്ങൾ എല്ലാം പുരോഗമനത്തിന്റെയും പൊളിറ്റിക്കൽ കറക്നെസ്സിന്റെയും പിടലിയിലേക്ക് വെക്കുന്നത് നമ്മൾ ആരെ തോൽപ്പിക്കാൻ ശ്രമിക്കുന്നോ, ആ വ്യവസ്ഥിതിയുടെ തന്നെ തന്ത്രമാണ്. വിജയമാണ്’, ദേവിക കുറിച്ചു.

ദേവിക എം.എയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

‘പുരോഗമനം’ എന്നാൽ പ്രാകൃതമായ ജീവിത രീതികളോടുള്ള ശാസ്ത്രീയമായ കലഹമാണ്. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ സമൂഹത്തിലേക്ക് കുത്തിവെക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും യുക്തിപൂർവ്വമായ നിരാകരണവും കാലങ്ങളായി ജാതിയുടെയും കുലത്തിന്റെയും പാരമ്പര്യത്തിന്റെയും നിറത്തിന്റെയും ശരീരത്തിന്റെയും ലിംഗത്തിന്റെയും ദേശത്തിന്റെയും അധികാരത്തിന്റെയും സമ്പത്തിന്റെയും മറവിൽ കെട്ടി പൊക്കുന്ന അനീതിയുടെയും അസമത്വത്തിന്റെയും സവർണ്ണ മേധാവിത്വത്തിന്റെയും അടിത്തറകളെ വെറും മനുഷ്യരായി നിന്ന് പൊളിച്ചു കളയാനുള്ള ശ്രമം കൂടിയാണത്.

അതൊരു ദിവസം കൊണ്ടോ കുറച്ചു വർഷങ്ങൾ കൊണ്ടോ സാധ്യമാകുന്ന ഒന്നല്ല. നമുക്ക് മുൻപേ നിരന്തരം ആരൊക്കെയോ എതിർത്തും ചോദ്യം ചെയ്തും പരിഹസിക്കപ്പെട്ടും പരാജയപ്പെട്ടും ശിക്ഷിക്കപ്പെട്ടും ഒറ്റപ്പെട്ടും ആട്ടിയോടിക്കപ്പെട്ടും വളരെ സാവധാനത്തിൽ തന്നെ നേടിയെടുത്ത പുരോഗമന ആശയങ്ങളെ ഇന്നാട്ടിലുള്ളു. കാലാനുസൃതമായി പുതിയ പുതിയ തലമുറകൾ അതേറ്റെടുക്കുന്നു എന്നു മാത്രം.

Also Read:എന്തിനാണ് ഈ വാഹനങ്ങളെ തടഞ്ഞിട്ടിരിക്കുന്നത്.. ഏതെങ്കിലും രാജാവ് ഇവിടെ വരുന്നുണ്ടോ? ഐ.എ.എസ് ഓഫീസറെ ശാസിച്ച് മുഖ്യമന്ത്രി

ഇവിടെ വലിയ പുരോഗമനം , ഇടത്തരം പുരോഗമനം , ആവശ്യത്തിന് പുരോഗമനം, എന്നുള്ള ക്ലാസിഫിക്കേഷൻസ് ഒക്കെ കാണുമ്പോൾ ചിരി വരുന്നു. കാരണം അതൊരു ഏകശിലാത്മകമായ ചലനമോ സംഘടിതമായ ലക്ഷ്യമോ ഒന്നുമല്ല. വിദ്യാഭ്യാസം കൊണ്ടും വായന കൊണ്ടും വിജ്ഞാനം കൊണ്ടും അനുഭവപരിചയം കൊണ്ടും മനസാക്ഷി കൊണ്ടും രൂപപ്പെടുന്ന ഒരു ജീവിതവീക്ഷണവും ചിന്താരീതിയുമാണത്. അതായത് ഓരോ മനുഷ്യരുടെയും പുരോഗമന പ്രയാണങ്ങൾ വിരലടയാളം പോലെ വ്യത്യസ്തവും എന്നാൽ അവർക്ക് സമരം ചെയ്യേണ്ടി വരുന്നത് ഏതാണ്ട് ഒരേ സ്വഭാവമുള്ള പ്രതിസന്ധികളോടും വ്യവസ്ഥിതികളോടും പ്രതിപക്ഷത്തോടുമായിരിക്കും. അഭിപ്രായങ്ങളിലുള്ള ബഹുസ്വരതകൾ പോലെ ഓരോരുത്തരുടെ പുരോഗമന രീതികളോടും നമുക്ക് യോജിക്കാം വിയോജിക്കാം.

പുരോഗമനത്തിന് ഒരു പ്രത്യേയശാസ്ത്രം ഇല്ലാത്തതു കൊണ്ടു തന്നെ പുരോഗമനം പറയുന്ന മനുഷ്യരെല്ലാം ജനിക്കുമ്പോൾ മുതൽ പുണ്യാളന്മാരും യുക്തിവാദികളും കുറ്റമറ്റവരുമാണ് എന്ന ഒരു അവകാശവാദത്തിനും ഇവിടെ ഇടവുമില്ല. ബാല്യത്തിലും കൗമാരത്തിലും യൗവ്വനാരംഭങ്ങളിലുമെല്ലാം മറക്കാൻ ആഗ്രഹിക്കുന്ന എത്രത്തോളം തെറ്റുകളും അസംബന്ധങ്ങളും അബദ്ധങ്ങളും വിവരക്കേടുകളും വിശ്വാസങ്ങളും കൊണ്ടു നടന്നവരാണ് പിൻ കാലത്ത് പരുവപ്പെടുന്നത് , തിരുത്തുന്നത് , പഠിക്കുന്നത് , യഥാർത്ഥ വ്യക്തിത്വമായി രൂപപ്പെടുന്നത്.

Also Read:വീട് വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

എന്നാൽ സമൂഹത്തിനു മുൻപിൽ സ്വന്തം നിലപാടുകൾ കൊണ്ട് ഒരു പുരോഗമന വ്യക്തിത്വം രൂപപ്പെട്ടതിനു ശേഷം , അത് പ്രൊപ്പഗെയ്റ്റ് ചെയ്യാൻ തുനിഞ്ഞിറങ്ങിയതിനു ശേഷം , ഒരു വ്യക്തി ചെയ്യുന്ന ക്രിമിനൽ ആക്ടിവിറ്റികൾക്ക് ഉത്തരവാദിത്വം പറയേണ്ട ബാധ്യത മറ്റിതര പുരോഗമന പ്രസ്ഥാനങ്ങൾക്കോ , ആശയങ്ങൾക്കോ , സമൂഹത്തിനോ , സൗഹ്യദങ്ങൾക്കോ പോലും ഉണ്ടെന്ന് കരുതുന്നില്ല. ആ വ്യക്തിയെ ഒറ്റപെടുത്തുക / അയാൾ കൂടി അംഗമായുള്ള മലിനമായ ഒരു വ്യവസ്ഥിതിയെ അതിജീവിക്കാൻ പ്രാപ്തമായ പുരോഗമ ആശയങ്ങളിൽ ഉറച്ചു നിൽക്കുക എന്നതാണ് പ്രോഗ്രസീവായ ഒരു സമൂഹത്തിന്റെ ബാധ്യത. അല്ലാതെ അയാൾ ചെയ്ത വ്യത്തിക്കേടുകളുടെ പാപഭാരം ഏറ്റെടുക്കേണ്ടി വരുമെന്ന് ഭയന്ന് പുരോഗമനത്തെ തള്ളിപറയുന്നവരുടെ പക്ഷം ചേരുക എന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കലാണ്. ഇതുവരെ അടികൊണ്ടും ഇഴഞ്ഞും നടന്നും വന്ന വഴികളിലൂടെ തിരിച്ചോടുന്നത് പോലാണ്.

ഏറ്റവും നിഷ്കളങ്കമായി പൊട്ടി കരയുന്നവർ തന്നെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളും ചെയ്യുന്നു. ഏറ്റവും മനോഹരമായി സ്നേഹിക്കുന്നു എന്നു കരുതുന്നവർ തന്നെ ഏറ്റവും മൃഗീയമായി അക്രമിക്കുന്നു. മനുഷ്യരുടെ സ്വഭാവ വൈകൃതങ്ങൾ , വൈരുദ്ധ്യങ്ങൾ, ക്രിമിനൽ മാനസികാവസ്ഥകൾ , കാപട്യങ്ങൾ, സ്വാർത്ഥ താൽപര്യങ്ങൾ എല്ലാം പുരോഗമനത്തിന്റെയും പൊളിറ്റിക്കൽ കറക്നെസ്സിന്റെയും പിടലിയിലേക്ക് വെക്കുന്നത് നമ്മൾ ആരെ തോൽപ്പിക്കാൻ ശ്രമിക്കുന്നോ, ആ വ്യവസ്ഥിതിയുടെ തന്നെ തന്ത്രമാണ്. വിജയമാണ്. റേപിസ്റ്റായ ശ്രീകാന്ത് വെട്ടിയാർ എന്നല്ല, പുരോഗമനവാദി എന്ന് നിങ്ങൾ വിശ്വസിക്കുന്ന ഇവടെയുള്ള ഒരു മനുഷ്യൻ പോലും പുരോഗമന ചിന്താധാരയുടെ തന്തയല്ല.
ഇപ്പോൾ ഇവിടുള്ള മുഴുവൻ മനുഷ്യനും ചത്തുപോയാലും എല്ലാക്കാലവും തലക്ക് വെളിച്ചമുള്ള ഒരു കൂട്ടർ ഈ ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോകുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button