കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഇ കെ സുന്നി നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. മതവിശ്വാസത്തിന് എതിരല്ലെന്ന കോടിയേരിയുടെ പ്രസ്താവന ചതിക്കുഴിയാണെന്ന് ഹമീദ് ഫൈസി. സിപിഎമ്മിൽ ചേരുന്ന വിശ്വാസികളെ നിഷേധികളാക്കി മാറ്റുമെന്നാണ് ഹമീദ് ഫൈസിയുടെ വിമര്‍ശനം. ജിഫ്രി തങ്ങളുമായി അടുപ്പം പുലർത്തുന്ന നേതാവാണ് ഹമീദ് ഫൈസി. കോഴിക്കോട്ട് സിപിഎം ജില്ലാ സമ്മേളനവേദിയിലാണ് മതവിശ്വാസത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് കോടിയേരി തുറന്ന് സമ്മതിച്ചത്.
മതവിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകുന്നതിന് തടസമില്ല. മറിച്ച് പ്രചരിപ്പിക്കുന്നവർ വിശ്വാസികളെ പാർട്ടിയിൽ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. ഇ കെ സുന്നികൾ ഇടതുപക്ഷവുമായി കൂട്ടുകൂടുന്നത് തടയനായി സിപിഎം വിശ്വാസത്തിനെതിരാണെന്ന് ലീഗ് പ്രചരിപ്പിച്ചിരുന്നു. എന്നാൽ എല്ലാ കമ്മ്യൂണിസ്റ്റുകളും നിരീശ്വരവാദികളല്ലെന്നും യോജിക്കുന്നതിൽ തെറ്റില്ലെന്നും സുന്നി നേതാവ് സമദ് പൂക്കോട്ടുർ പറഞ്ഞതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ പ്രതികരണം.
എന്നാല്‍ പഴയകാല നേതാക്കളിലൂടെ കൈമാറിക്കിട്ടിയ രാഷ്ട്രീയ നിലപാട് തുടരുമെന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തില്‍ സമസ്ത വ്യക്തമാക്കി. സമസ്ത സർക്കാരുമായും ഇടതുപക്ഷവുമായും അടുക്കുന്നു എന്ന ചർച്ച ചൂടുപിടിക്കുന്നതിനിടെയാണ് കോഴിക്കോട്ട് മുശാവറ യോഗം ചേർന്നത്. സമസ്ത രാഷ്ട്രീയലൈൻ മാറ്റുന്നു എന്ന പ്രചാരണം യോഗം തള്ളി. നേരത്തെ മുതൽ സ്വീകരിച്ച സാമുദായിക പ്രശ്നങ്ങളിൽ ലീഗിനോട് സഹകരിക്കുന്ന രീതി തുടരും. എന്നാൽ പൂർണ്ണമായും വിധേയപ്പെടേണ്ടതില്ലെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു. എന്നാൽ രാഷ്ട്രീയ പക്ഷം വെളിവാക്കിക്കൊണ്ട് പ്രസ്താവന വേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൂർവ്വിക നേതാക്കൾ കൈമാറിയ രാഷ്ട്രീയ നിലപാട് തുടരുമെന്ന് വാത്താക്കുറിപ്പിറക്കിയത്.
Post Your Comments