കണ്ണൂർ: വേട്ടയാടപ്പെട്ടിട്ടും കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ മുട്ട് മടക്കാതെ നട്ടെല്ല് നിവർത്തി താൻ നിന്നിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി. എന്റെ നിലപാടുകൾ എന്നും എന്റെ ബോധ്യങ്ങളാണെന്നും, ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ എന്നും ഉയർത്തിപിടിച്ച് നിൽക്കുമെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read:മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം: ഏഴ് മരണം, നിരവധി പേർക്ക് പരിക്ക്
‘പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ എന്ന നിലയിൽ, അല്ലെങ്കിൽ അതിനും മുൻപ്, സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മകൻ എന്ന നിലയിൽ ഞാൻ കാലങ്ങളോളം വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇത്തരം എല്ലാ പ്രചരണങ്ങളെയും അതിജീവിച്ച് തന്നെയാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. കേന്ദ്ര ഏജൻസികളുടെ ഇംഗിതത്തിന് അനുസരിച്ച് അവർ പറയുന്ന പേരുകൾ മൊഴിയായി നൽകിയിരുന്നെങ്കിൽ ബിനീഷ് കോടിയേരിക്ക് എന്നേ പുറത്ത് എത്താമായിരുന്നു.ആ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ഞാൻ എന്റെ നിലപാടുകളിൽ ഉറച്ച് തന്നെ നിന്നിട്ടുണ്ട്. അതിൽ അഭിമാനവുമുണ്ട്. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. നീതി ലഭിക്കും എന്ന് അങ്ങേയറ്റം വിശ്വാസം ഇന്നെനിക്കുണ്ട്’, ബിനീഷ് കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
എന്റെ നിലപാടുകൾ എന്നും എന്റെ ബോധ്യങ്ങളാണ്. ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ എന്നും ഉയർത്തിപിടിച്ച്, നട്ടെല്ല് നിവർത്തി തന്നെ, ഞാൻ നിന്നിട്ടുണ്ട്. ചില കേന്ദ്ര ഏജൻസി ചട്ടുകങ്ങൾ ഉപയോഗിച്ച് എന്നെ കരുവാക്കി സി.പി.ഐ.എം എന്ന ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ തകർത്ത് കളയാമെന്ന് വ്യാമോഹമൊക്കെ കേരളത്തിലെ ജനങ്ങൾ തന്നെ തകർത്ത് കളഞ്ഞതാണ്.
പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ എന്ന നിലയിൽ, അല്ലെങ്കിൽ അതിനും മുൻപ്, സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മകൻ എന്ന നിലയിൽ ഞാൻ കാലങ്ങളോളം വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇത്തരം എല്ലാ പ്രചരണങ്ങളെയും അതിജീവിച്ച് തന്നെയാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. കേന്ദ്ര ഏജൻസികളുടെ ഇംഗിതത്തിന് അനുസരിച്ച് അവർ പറയുന്ന പേരുകൾ മൊഴിയായി നൽകിയിരുന്നെങ്കിൽ ബിനീഷ് കോടിയേരിക്ക് എന്നേ പുറത്ത് എത്താമായിരുന്നു. ആ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ഞാൻ എന്റെ നിലപാടുകളിൽ ഉറച്ച് തന്നെ നിന്നിട്ടുണ്ട്.അതിൽ അഭിമാനവുമുണ്ട്. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. നീതി ലഭിക്കും എന്ന് അങ്ങേയറ്റം വിശ്വാസം ഇന്നെനിക്കുണ്ട്.
എന്റെ ബോധത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള നിലപാടുകൾ,സമൂഹത്തിലെ വിവിധ വിഷയങ്ങളിലുള്ള ഇടപെടലുകൾ, അതെല്ലാം തന്നെ എന്റെ രാഷ്ട്രീയ ബോധത്തിലൂന്നിയുള്ളതും,അതേ സമയം തന്നെ വ്യക്തിപരവുമാണ്. അതിനോട് ആർക്കും യോജിക്കാം, വിയോജിക്കാം സ്വാഗതം ചെയ്യുന്നു. അതിൽ ഒരു അസഹിഷ്ണുതയുടെയും പ്രശ്നം ഉദിക്കുന്നില്ല. എന്റെ രാഷ്ട്രീയം എന്നെ പഠിപ്പിച്ചിട്ടുള്ളത് അതാണ്.
മലീമസമായ രാഷ്ട്രീയ ചിന്തകളിൽ കൂടി കടന്ന് പോകുന്നവർക്കേ ആശയം കൈവിട്ട് എതിർചേരിയിൽ ഉള്ളവരെ വ്യക്തിപരമായി അക്രമിക്കാനാകൂ. അങ്ങനെ ഉള്ളവരെ ജനം എക്കാലവും വിലയിരുത്തിയിട്ടുണ്ട്. എന്റെ നിലപാടുകൾ മുൻപ് തന്നെ ഈ വീഡിയോയിലൂടെ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ ആർക്കെങ്കിലും ഒപ്പം കൂടി അതിന്റെ കെയർ ഓഫിൽ, രാഷ്ട്രീയം തൊഴിലാക്കിയവർക്ക് വിമർശ്ശിക്കാനുള്ള അർഹത ഇല്ല. ഒരു ആനുകൂല്യവും പറ്റി ഞാൻ ഒരിക്കലും ഒന്നുമാവാൻ ശ്രമിച്ചിട്ടില്ല എന്ന് എന്റെ സഖാക്കൾക്ക് കൃത്യമായി അറിയാം. എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മറ്റി അംഗമായി രാഷ്ട്രീയപ്രവർത്തനം തുടങ്ങി ആളാണ് ഞാൻ. അന്ന് മുതൽ ഇന്ന് വരെ എന്റെ രാഷ്ട്രീയം കൃത്യമായി പറയാറുണ്ട്,ഉയർത്തി പിടിക്കാറുമുണ്ട്. ചില ടാലന്റ് ഹണ്ട് പ്രോഡക്ടുകളെ പോലെ ഫേസ്ബുക്കിൽ മാത്രം അത് ഒതുങ്ങിയിട്ടില്ല. അതല്ല എന്റെ രാഷ്ട്രീയം.
രാഷ്ട്രീയമായി പല അഭിപ്രായവ്യത്യാസങ്ങളും പൊതുപ്രവർത്തകർക്കിടയിൽ സ്വാഭാവികമാണ്. അതിലൊക്കെ തന്നെ,ആശയപരമായ സംവാദങ്ങളാണ് ഉണ്ടാകേണ്ടത്, അല്ലെങ്കിൽ ഉണ്ടായിട്ടുള്ളത്. ഒരാളും മറ്റൊരാളുടെ കുടുംബാംഗങ്ങളെ അതിനിടയിൽ വലിച്ചിഴയ്ക്കുന്ന പ്രവണത കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ ഒരു ഏർപ്പാടാണ്. പാലക്കാട് ജില്ലയിലെ തൃത്താലയിൽ നിന്നുള്ള ഒരു മുതിർന്ന, തോറ്റമ്പിയ എം.എൽ.എ ആണ് ഈ പുതിയ സമ്പ്രദായത്തിന് തുടക്കം കുറിച്ച് വച്ചിരിക്കുന്നത്. മൺമറഞ്ഞ് പോയ, അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും ബഹുമാനിച്ചിരുന്ന, മഹാനായ സഖാവ് എ.കെ.ജി.യെ അപമാനിച്ച് കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യത്തിൽ അരങ്ങേറ്റം കുറിച്ചത്. അത് തൃത്താലയിലെ ജനങ്ങൾ കൃത്യമായി വിലയിരുത്തി, മാർക്കിട്ടു, അദ്ദേഹത്തെ വീട്ടിലിരുത്തി.
അദ്ദേഹമൊക്കെ മറക്കുന്ന ഒന്നുണ്ട്. കുടുംബം എല്ലാവർക്കുമുണ്ട്. കോൺഗ്രസ് നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും നാളെ മുതൽ ഇങ്ങനെ മറ്റുള്ളവരും സെൻസർ ചെയ്യാനിറങ്ങിയാൽ, ന്യായീകരിക്കുന്ന ഫേസ്ബുക്കൊന്നും മതിയാവാതെ വരും. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പഴമൊഴി പ്രാവർത്തികമാക്കുന്ന ആൾ എന്ന നിലയിലാണ് ഇയാളെ ജനങ്ങൾ വീട്ടിൽ തന്നെ ഇരുത്തിയതും തൃത്താലയെ പ്രതിനിധീകരിച്ച് ബഹു:സ്പീക്കർ എം.ബി.രാജേഷിനെ ജനങ്ങൾ നിയമസഭയിലേക്ക് അയച്ചതും. അത് വെറും തോൽവി ആയിരുന്നില്ല, മറിച്ച് ഇരന്നു വാങ്ങിയ തോൽവിയാണെന്ന് തന്നെ പറയേണ്ടി വരും.
‘തൃത്താലയിലെ തോറ്റ സൂര്യതേജസ്സേ’..നമോവാകം!!
Post Your Comments