തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്നവരില്‍ ഒരാളെയും കണ്ണീര്‍ കുടിപ്പിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഭൂമി തരുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി തരുന്നുണ്ടെന്നും, നിലവിൽ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നില്‍ കോര്‍പറേറ്റുകളാണെന്നും കോടിയേരി പറഞ്ഞു.
Also Read:എക്സ്പോ കണ്ടത് 90 വട്ടം: ശരീരഭാരം 18 കിലോ കുറഞ്ഞു
‘ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വരെയാണ് കൊടുക്കുന്നത്. വീടുനഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പകരം വീട് കൊടുക്കും. കെട്ടിടവും കച്ചവടസൗകര്യവും നഷ്ടമാകുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. വ്യക്തമായ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നത്. ആരെയും കണ്ണീര്‍ കുടിപ്പിക്കില്ലെന്നാണ് എല്‍.ഡി.എഫിന്‍റെ നിലപാട്’, കോടിയേരി പറഞ്ഞു.
‘എല്‍.ഡി.എഫിന്‍റെ വികസന കാഴ്ചപ്പാടല്ല യു.ഡി.എഫിന്‍റേത്. അതുകൊണ്ടാണ് യു.ഡി.എഫിന് ഇത്തരം പദ്ധതികള്‍ വിജയിപ്പിക്കാന്‍ കഴിയാത്തത്. അവര്‍ ജനങ്ങളുടെ കൂടെ നില്‍ക്കില്ല. ഞങ്ങള്‍ ജനങ്ങളുടെ കൂടെ നില്‍ക്കും. പുതിയ തലമുറക്ക് ആവശ്യമാണ് കെ-റെയില്‍. അഞ്ച് വര്‍ഷമല്ല സര്‍ക്കാര്‍ മുന്നില്‍ കാണുന്നത്. 50 വര്‍ഷമാണ് മുൻപില്‍ കാണുന്നത്. കെ-റെയില്‍ കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ തന്നെ മാറ്റമുണ്ടാക്കും. കേരളം പുരോഗതിയിലേക്ക് നീങ്ങും. ഇക്കാരണം കൊണ്ടാണ് ചിലര്‍ ഇതിനെതിരെ രംഗത്തെത്തുന്നത്’, കോടിയേരി വ്യക്തമാക്കി.
‘ഡി.പി.ആര്‍ എവിടെയാണ് എന്നായിരുന്നു ഇത്രയും നാള്‍ ചോദിച്ചത്. ഇപ്പോള്‍ ഡി.പി.ആര്‍ ജനങ്ങള്‍ക്ക് നല്‍കിയില്ലേ. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അത്തരം പദ്ധതികള്‍ മാത്രമേ എല്‍.ഡി.എഫ് നടപ്പാക്കുകയുള്ളൂ. പദ്ധതിയെ എതിര്‍ക്കുന്നതില്‍ ചില സ്ഥാപിത താല്‍പര്യങ്ങളുണ്ട്. റെയില്‍വേയെ തന്നെ ഇപ്പോള്‍ വില്‍പ്പനക്ക് വെച്ചിരിക്കുകയാണ്. കോര്‍പ്പറേറ്റുകളാണ് കെ-റെയില്‍ എതിര്‍പ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കെ-റെയില്‍ അവര്‍ക്ക് കൈയടക്കാനാവില്ല. അവരില്‍ നിന്ന് നിര്‍ദേശവും സഹായവും പറ്റിക്കൊണ്ടാണ് കെ-റെയിലിനെ എതിര്‍ത്ത് കോണ്‍ഗ്രസും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും രംഗത്തെത്തിയത്’, കോടിയേരി പറഞ്ഞു.
‘കോണ്‍ഗ്രസില്‍ എപ്പോഴാണ് അവസാനമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ചോദിച്ചാല്‍ ആര്‍ക്കെങ്കിലും ഉത്തരം നല്‍കാനാകുമോ. ഒറ്റ വ്യക്തിയിലൊതുങ്ങിയ ഹൈകമാന്‍ഡ് തീരുമാനിക്കും കാര്യങ്ങള്‍. ബി.ജെ.പിയുടെ കാര്യവും ഇതുപോലെ തന്നെ. ആര്‍.എസ്.എസ്സാണ് ബി.ജെ.പിയുടെ ഭാരവാഹികളെ തീരുമാനിക്കുക. ഇത് തന്നെയാണ് മുസ്ലിം ലീഗിന്‍റെയും അവസ്ഥ. പാണക്കാട്ടെ കുടുംബം തീരുമാനിക്കും ആരാണ് ഭാരവാഹിയാകേണ്ടതെന്ന്. എന്നാല്‍, സി.പി.എമ്മിന്‍റെ രീതി ഇതില്‍ നിന്ന് വ്യത്യസ്തമാണ്’, കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments