പന്തളം: ശബരിമലയില്‍ മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗസംഘമാണ് മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ എത്തിക്കുന്നത്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയാണ് തിരുവാഭരണം ശിരസിലേറ്റുക.
Read Also : കൊവിഡിന്റെ മറവിൽ എൻഎച്ച്എം കോർഡിനേറ്ററുടെ തട്ടിക്കൂട്ട് കമ്പനിക്ക് കിട്ടിയത് 5 കോടി, വാങ്ങിയത് ഫേസ്ഷീൽഡ്
രാജ പ്രതിനിധി മൂലംനാള്‍ ശങ്കര്‍വര്‍മ്മയുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആഭരണങ്ങള്‍ എഴുന്നള്ളിക്കും. 12 മണിയോടെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിക്കും. ഒരു മണിക്ക് തിരുവാഭരണപെട്ടി പുറത്തേക്ക് എടുത്ത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള ശിരസിലേറ്റും. പരമ്പരാഗത പാതയിലൂടെ കുളനട ഉള്ളന്നൂര്‍ ആറന്മുള അയിരൂര്‍ പുതിയകാവ് പെരുനാട് ളാഹ വഴി സഞ്ചരിച്ച് വെള്ളിയാഴ്ച കാനനപാതയിലൂടെ വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകിട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക.
തിരുവാഭരണ ഘോഷയാത്ര കണക്കിലെടുത്ത് പന്തളം നഗരസഭയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മകരവിളക്ക് പ്രമാണിച്ച് ഉണ്ടാകാനിടയുള്ള തീര്‍ത്ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്ത് വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.
Post Your Comments