വിഴിഞ്ഞം: ആഹാരവും വെള്ളവും കിട്ടാതെ നായ ചത്ത സംഭവത്തിൽ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. അയൽവാസിയുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെങ്ങാനൂർ സ്വദേശിയാണ് അയൽവാസിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മരണ കാരണമറിയാൻ പോസ്റ്റ്മോർട്ടം നടത്താനുള്ള അപേക്ഷ പൊലീസ് മൃഗാശുപത്രി അധികൃതർക്കും നൽകി. കൂലിപ്പണിക്കാരനായ വീട്ടുടമസ്ഥൻ മൂന്ന് വർഷം മുൻപാണ് റോട്ട് വീലർ വിഭാഗത്തിൽപ്പെട്ട ഒരു പെൺനായയെ വാങ്ങിയത്. പരിപാലിക്കാൻ സ്ഥലമില്ലാതെ വന്നതോടെ ഉടമസ്ഥൻ വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ ആണ് കെട്ടിയിരുന്നത്. വേണ്ട ആഹാരവും വെള്ളവും നൽകിയിരുന്നുമില്ല.
തുടർന്ന് അയൽവാസി കഴിഞ്ഞ ദിവസം നായയുടെ ദയനീയാവസ്ഥ കോവളത്തെ നായസംരക്ഷണ സംഘങ്ങളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നായയുടെ ഉടമസ്ഥനെ കണ്ടെത്തി മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments