തനിക്ക് നേരെ സ്ഥിരമായി ഉണ്ടാകുന്ന ആക്രമണങ്ങളിലൂടെ താൻ തളരില്ലെന്ന് സാമൂഹിക പ്രവർത്തക ബിന്ദു അമ്മിണി. ഭയമല്ല പകരം തനിക്ക് നേരെ നടക്കുന്ന ഓരോ അക്രമങ്ങളും ഭീഷണികളും തന്നെ കൂടുതൽ കരുത്തയാക്കുകയാണ് ചെയ്യുന്നതെന്ന് ബിന്ദു വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്ന് നിരന്തരം നേരിടേണ്ടി വരുന്ന സംഘപരിവാർ ഭീഷണികൾക്കും ആക്രമങ്ങൾക്കും ഇടയിൽ ജീവിച്ചിരിക്കുക എന്നത് പോലും വലിയ ഒരു കടമ്പയാണെന്ന് ബിന്ദു പറയുന്നു.
അതേസമയം, തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നാണ് പലരും ബിന്ദു അമ്മിണിയെ പിന്തുണച്ച് പ്രതികരിക്കുന്നത്. ഭരണഘടന നൽകിയ അവകാശത്തിനു മുന്നിട്ടിറങ്ങി എന്നത് കൊണ്ട് മാത്രം നിരന്തരമായ അക്രമങ്ങൾക്ക് വിധേയമാകുന്ന ബിന്ദു അമ്മിണിയോട് ഐക്യദാർഢ്യപെടേണ്ട സമയം മാത്രമല്ല ഇതെന്നും അവർ നേരിടുന്ന നീതി നിഷേധത്തിന് വേണ്ടി ശബ്‌ദിക്കേണ്ട കൂടി സമയമാണെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു. എന്നാൽ, പിന്തുണ നൽകുന്നവരെ പരിഹസിച്ചും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വാടിത്തളരില്ല എന്ന് പറഞ്ഞിട്ട് ‘വെട്ടിയിട്ട വാഴപോലെ വീഴുന്ന കണ്ടല്ലോ’ എന്ന് തുടങ്ങിയ പരിഹാസ കമന്റുകളും ബിന്ദു അമ്മിണിക്ക് നേരെ ഉയരുന്നുണ്ട്.
ആര്‍എസ്എസുകാരനാണ് തന്നെ ആക്രമിച്ചതെന്ന് പറഞ്ഞ ബിന്ദു അമ്മിണി, പൊലീസ് എത്തിയത് താന്‍ വിളിച്ചിട്ടല്ലെന്നും തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കാനായിരുന്നുവെന്നും വ്യക്തമാക്കി. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വണ്ടി ഓടിക്കാനറിയാത്ത താനെങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേക്ക് എത്തുന്നതെന്നും ബിന്ദു അമ്മിണി ചോദിക്കുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ബിന്ദു അമ്മിണിക്ക് ബീച്ചില്‍ വെച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിൻ്റെ പരാതിയിൽ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളില്‍ ഒരാള്‍ക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുർഗയ്‍ക്ക് ഒപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടർന്ന് ബിന്ദു അവർക്കെതിരെ പരാതി നൽകി. മറ്റൊരു ഉദ്യോഗസ്ഥയെ നിയമിക്കുന്നതിന് പകരം പൊലീസ് സംരക്ഷണം പിൻവലിക്കുകയാണ് ചെയ്തതെന്ന് ബിന്ദു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Post Your Comments