ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സ്ത്രീകളോട് മോശമായി പെരുമാറിയതിനാണ് യുവാവിനെ മർദ്ദിച്ചതെന്നുമുള്ള റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇതോടെ, സമാനമായ ദുരനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സബ് ജഡ്ജിയായിരുന്ന എസ് സുദീപ്. 12 വര്‍ഷം മുന്‍പ് നേത്രാവതി എക്സ്പ്രസിലുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. ട്രെയിനിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് റെയിൽവേ സ്ക്വാഡും പൊലീസും കൂടി തന്നെ പിടിച്ച് വെയ്ക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്.
എസ്. സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
നേത്രാവതി എക്സ്പ്രസിൽ വച്ചാണ് റെയിൽവേ സ്ക്വാഡും പൊലീസും കൂടി എന്നെ പിടിച്ചത്. സംഭവം മറ്റതു തന്നെ, ഞാൻ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നത്. പന്ത്രണ്ടു വർഷം മുമ്പൊരു ഞായർ. അന്നു തിരുവനന്തപുരം മുൻസിഫായി ജോലി ചെയ്യുന്ന ഞാൻ ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക്, പതിവുപോലെ നേത്രാവതി എക്സ്പ്രസിൽ പോവുകയാണ്. സെക്കൻ്റ് ക്ലാസ് സ്ലീപ്പറിലാണ് യാത്ര. നല്ല തിരക്കാണ്. വെയിലുള്ള വശത്താണ് സീറ്റ് കിട്ടിയത്, അതും ആലപ്പുഴ കഴിഞ്ഞപ്പോൾ. ഒരു ഫാനും കറങ്ങുന്നില്ല. വേണ്ട. ധർമ്മടമെങ്കിൽ ധർമ്മടം സീറ്റ് കിട്ടിയ കോൺഗ്രസുകാരനെപ്പോലെ സന്തോഷത്തിൽ ജനലിൽ തല ചായ്ച്ച് ഞാനുറങ്ങുകയാണ്. നല്ല വേനലാണ്. തീവണ്ടിമുറി ചുട്ടുപഴുത്തിരിക്കുന്നു. പിള്ളേരൊക്കെ കരച്ചിലോടു കരച്ചിൽ, ഉടുപ്പഴിച്ചു വീശിക്കൊടുത്തിട്ടും കരച്ചിൽ തന്നെ. കെ റെയിൽ കിട്ടാഞ്ഞിട്ടായിരിക്കും.
Also Read:കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം : അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്
വണ്ടി കൊല്ലം സ്റ്റേഷൻ വിട്ട് നീങ്ങിത്തുടങ്ങി. കൊല്ലത്തു നിന്ന് റയിൽവേ സ്ക്വാഡ് കയറി. എൻ്റെ ടിക്കറ്റ് കാണിച്ച ശേഷം ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിക്കുകയാണ്. അന്നേരം എൻ്റെ തൊട്ടപ്പുറത്തിരുന്ന, കൊല്ലത്തു നിന്നു കയറിയ രണ്ടു പേരോട് സ്ക്വാഡിലെ ടി ടി ഇ ചേട്ടൻ ടിക്കറ്റ് ചോദിച്ചു. അവർ ടിക്കറ്റ് കാണിച്ചു. അതിനുശേഷം ഫാൻ കറങ്ങാത്തതിനെപ്പറ്റി അവർ അങ്ങേയറ്റം മാന്യമായ വാക്കുകളിലും ടോണിലും ടിക്കറ്റ് പരിശോധിച്ച അതേ ചേട്ടനോടു പരാതിപ്പെട്ടു. തീർത്തും നിർദോഷമായ പരാതി. പെട്ടെന്ന് ടി ടി ഇ ചേട്ടൻ അവരോട് പൊട്ടിത്തെറിച്ചു. നീയെന്നൊക്കെ വിളിച്ചാണ് ആഞ്ഞടിക്കൽ. എറണാകുളത്തെ പ്രമുഖ സ്ഥാപനത്തിലെ ദേവേന്ദ്രട്ടൻ്റെ വാക്കാൽ പരാമർശങ്ങളുടെ അതേ നിലവാരത്തിലാണ് ആഞ്ഞടി. കോൺഗ്രസിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന ബിനോ വിശ്വേട്ടൻ്റെ പ്രസംഗം കേട്ട സി പി ഐക്കാരനെപ്പോലെ ഞാൻ അന്തം വിട്ടു കുന്തംവിഴുങ്ങിയിരുന്നു. ഇയാൾ എന്തിനാണ് ആ യാത്രക്കാരോടിങ്ങനെ ക്ഷുഭിതനാകുന്നത്? ടി ടി ഇ കത്തിക്കയറുകയാണ്. നൂറു ശതമാനം ന്യായം യാത്രക്കാരുടെ ഭാഗത്താണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ഒരാളും അനങ്ങുന്നില്ല. ഞാൻ മാത്രം ചാടി വീണു. രണ്ടു യാത്രക്കാർ ന്യായമായ ഒരു പരാതി പറഞ്ഞാൽ, അവരെ നീയെന്നൊക്കെ വിളിച്ച് ഇത്ര മോശമായ ഭാഷയിൽ അവഹേളിക്കുന്നതിനെ ഞാൻ ചോദ്യം ചെയ്തു.
അതോടെ സ്ക്വാഡിൻ്റെ പരാക്രമം എൻ്റെ നേർക്കായി. അവർ ഒരു പൊലീസുകാരനെ വിളിച്ചു വരുത്തി. ഞാൻ മുൻസിഫും ജഡ്ജിയുമൊക്കെ അങ്ങ് കോടതിയിൽ മാത്രമാണ്. പുറത്ത് ആ ഐഡൻ്റിറ്റി ഞാനാരോടും പറയാറില്ല. ഒരു സാധാരണക്കാരനു കിട്ടാത്ത നീതിയും ന്യായവും കോപ്പുമൊന്നും എനിക്കു വേണ്ട. ഈ സംഭവത്തിൻ്റെ അവസാന നിമിഷം വരെയും ഞാനതു പറഞ്ഞിട്ടുമില്ല. പൊലീസുകാരൻ വന്ന് എൻ്റെ തോളിൽ ബലമായി അമർത്തിക്കൊണ്ടാണ് ചോദ്യം ചെയ്യൽ. ഞാൻ കൈ തട്ടിമാറ്റി. മര്യാദയ്ക്കു പെരുമാറിക്കൊള്ളണമെന്നു കർശനമായി പറഞ്ഞു. സ്ക്വാഡ് ഒറ്റക്കെട്ടായി എനിക്കെതിരായ ആരോപണം പുറത്തുവിട്ടു: ഞാൻ സ്ക്വാഡിലെ വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറി! എങ്ങനെ? ഞാൻ ആ സ്ത്രീയുടെ മുഖത്തിനു നേരെ വിരൽ ചൂണ്ടി സംസാരിച്ചുവത്രെ! ആ, ബെസ്റ്റ്! എങ്കിൽ ഞാൻ പത്തു വിരലും നീട്ടും, അതിലൊരു വിരലും നിങ്ങളുടെ ദേഹത്തു സ്പർശിക്കാത്തിടത്തോളം നിങ്ങൾ എന്തു ചെയ്യുമെന്നു ഞാനും. മെഴുകുതിരി പോലത്തെ ഞാൻ കത്തിനിൽക്കുന്നുണ്ട്.
തിരുവനന്തപുരത്തെത്തിയാൽ ഞാൻ പരാതി നൽകുമെന്ന് സ്ക്വാഡിനും പൊലീസിനും മനസിലായി. പതിയെ ഓരോരുത്തരായി വലിയുന്നു. തുടർന്ന് കഴക്കൂട്ടത്ത് ക്രോസിംഗിനായി തീവണ്ടി അര മണിക്കൂർ നിർത്തുന്നു. പിന്നെ യാത്ര തുടരുന്നു. ഞാൻ Vs. സ്ക്വാഡ് ആൻ്റ് പൊലീസ് എന്ന നിലയിലാണ് പ്രശ്നം. ഫാൻ കറങ്ങാത്തതു ചോദിച്ച പാവം ചേട്ടന്മാരൊന്നും ചിത്രത്തിലില്ല. തീവണ്ടി തമ്പാനൂരിലെത്തി. ഞാനിറങ്ങുന്നു. റെയിൽവേ പൊലീസിൻ്റെ പട ഓടി വരുന്നു, സല്യൂട്ട് അടിക്കുന്നു, ആകെ ബഹളം. എന്നിട്ട് എന്നെ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തേയ്ക്ക് ആനയിച്ചു കൊണ്ടുപോകുന്നു. ഒരൊറ്റ അപേക്ഷ മാത്രം: ഞാൻ പരാതിപ്പെടരുത്, കാലു പിടിക്കാം. എൻ്റെ കാലല്ല പിടിക്കേണ്ടത്. കൊല്ലത്തു നിന്നു കയറിയ ആ രണ്ടു പാവങ്ങളുടെ കാലാണ് പിടിക്കേണ്ടത്, അവരോടാണു മാപ്പു പറയേണ്ടത്. തീവണ്ടി മുറിയിലെ ചിലർ കൂടി സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു പുറത്തു നിൽക്കുന്നുണ്ട്. അവരുടെ മുമ്പിൽ വച്ച്, കൊല്ലത്തു നിന്നു കയറിയ ആ രണ്ടു പേരോടും സ്ക്വാഡ് മാപ്പു പറഞ്ഞു. എൻ്റെ ദേഹത്തു തൊട്ട പൊലീസുകാരൻ എന്നോടും മാപ്പു ചോദിച്ചു. സംഭവം അങ്ങനെ അവസാനിച്ചു. അതിനു ശേഷം അറിഞ്ഞ കാര്യങ്ങൾ കൂടി താഴെ ചേർക്കുന്നു:
1. കൊല്ലത്തു നിന്നു കയറിയ രണ്ടു പേരിൽ ഒരാൾ മലയാളത്തിലെ സൂപ്പർ താരത്തിൻ്റെ മേക്കപ്പ്മാനാണ്. ഫാൻ കറങ്ങാത്തതിനു പരാതിപ്പെട്ട അയാളും പൊട്ടിത്തെറിച്ച ടി ടി ഇ യും ഒരേ നാട്ടുകാരും മുൻപരിചയക്കാരുമാണ്. ടി ടി ഇ യ്ക്ക് ആ മേക്കപ്പ്മാനോടുള്ള രാഷ്ട്രീയ വിരോധമായിരുന്നു പൊട്ടിത്തെറിക്കു പിന്നിൽ. (തമ്പാനൂരിൽ വച്ചു തന്നെ ആ മേക്കപ്പ്മാൻ പറഞ്ഞതാണ്)
2. ഞാൻ തിരുവനന്തപുരത്തിറങ്ങി പരാതി നൽകും മുമ്പേ എനിക്കെതിരായ പരാതി (സ്ത്രീത്വത്തെ അപമാനിച്ചതേയ്!) രേഖപ്പെടുത്തി വയ്ക്കാനാണ് കഴക്കൂട്ടത്ത് വണ്ടി പിടിച്ചത്.
3. ഞാനാരാണെന്നു ഞാൻ പറഞ്ഞില്ലെങ്കിലും സംഭവം നടന്ന സമയം തന്നെ തമ്പാനൂർ സ്റ്റേഷനിരിക്കുന്ന സ്ഥലത്തിൻ്റെ ചുമതലയുള്ള മജിസ്ട്രേറ്റും മറ്റൊരു മജിസ്ട്രേറ്റും അറിഞ്ഞു. റെയിൽവേ വഴി സംഭവം ചോർന്നതാണ്. അവർ ഇരുവരും തമ്പാനൂരേയ്ക്കു പാഞ്ഞു വന്നെങ്കിലും പെട്ടെന്നു കനത്ത മഴ പെയ്ത് തമ്പാനൂർ വെള്ളത്തിനടിയിലായി. അവർക്കു കടക്കാൻ പോലും കഴിയാതെ തിരിച്ചുപോകേണ്ടി വന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങൾ പിറ്റേന്ന് എന്നെ അറിയിച്ച എൻ്റെ സഹപ്രവർത്തകരായിരുന്ന ആ മജിസ്ട്രേറ്റുമാർ എന്നോട് ഇത്രയും കൂടി പറഞ്ഞു:- ടി ടി ഇക്കെതിരെ വേണ്ടിവന്നാൽ ഓൺ ദ സ്പോട്ട് കേസെടുക്കാൻ കൂടിയാണ് ഞങ്ങൾ വന്നത്. പക്ഷേ ഇതു പോലൊരു മഴ, അതും ഈ വേനലിൽ! നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾക്കെന്നല്ല ആർക്കും കഴിയില്ല. നിങ്ങൾ വീട്ടിൽ വെറുതെയിരുന്നാലും നിങ്ങളെ അന്വേഷിച്ച് പ്രശ്നങ്ങൾ നിങ്ങടെ വീട്ടിൽ വരും. പറ്റുമെങ്കിൽ തീവണ്ടിയിൽ കയറാതിരിക്കുക, ചേർത്തല തൊട്ട് തിരുവനന്തപുരം വരെ നടക്കുക. നടന്നിട്ടും കാര്യമൊന്നുമില്ലെന്ന് പണ്ടേ എനിക്കറിയാം. നടന്നാൽ ആറ്റിങ്ങലെത്തുമ്പോൾ പിങ്ക് പൊലീസ് പിടിക്കും. എന്നു കരുതി വീട്ടിലിരുന്നാലോ, ദേവേന്ദ്രന്മാർ പൊലീസ് അന്വേഷണം വരെ ഉത്തരവിട്ടു കളയും. ഇങ്ങനെയൊക്കെയാണ് ജനത്തെ ചവിട്ടിക്കൂട്ടുന്നത്.’
‘
Post Your Comments