ഹൈന്ദവ ദൈവശാസ്ത്രപ്രകാരം കലിയുഗവരദനാണ് ധർമശാസ്താവ്. കലിയുഗത്തിലെ കൺകണ്ട ദൈവം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആറ് ശാസ്താക്ഷേത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. യോഗവിദ്യപ്രകാരം പ്രാധാന്യം ഉള്ളവ കൂടിയാണ് ഈ ക്ഷേത്രങ്ങൾ.
ശാസ്താവ് പല കുടുംബങ്ങളുടെയും ധർമദൈവം കൂടി ആണ്. അതായത് കുലദേവതയാണ്. തെക്കേ ഇന്ത്യയിൽ ആണ് ഭൂരിപക്ഷം ശാസ്താക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിലും വിദേശത്തുമായി ആയിരത്തിൽപരം ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. ഇതിൽ ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മാത്രം ബാധകമായ ആചാരങ്ങളുമുണ്ട്. അത് കാലാകാലമായി തുടരുന്നതാണ്.
ശബരിമലയിലെ പ്രതിഷ്ഠയുടെ താന്ത്രികവിധി നൈഷ്ഠിക ബ്രഹ്മചാരിയുടേതാണ്. യോഗവിദ്യപ്രകാരം ആജ്ഞാശക്തി കേന്ദ്രമായാണ് ശബരിമല അറിയപ്പെടുന്നത്.
1. പാപനാശം സൂരിമുത്തിയൻ
യോഗവിദ്യയിലെ മൂലാധാരചക്ര പ്രകാരം ഉള്ള ധർമശാസ്താക്ഷേത്രം തമിഴ്നാട്ടിലെ പാപനാശം എന്ന സ്ഥലത്താണ്, സൂരീമുത്തിയന് എന്ന ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരയാർ അണക്കെട്ടിനു സമീപം. കൊടും കാട്ടിലൂടെ സഞ്ചരിച്ച് ക്ഷേത്രത്തിൽ എത്താം. ശാസ്താവിന്റെ വിശ്വരൂപം അഗസ്ത്യമുനിക്ക് കാണാൻ സാധിച്ചത് ഈ സ്ഥലത്തുവച്ചാണ് എന്ന് ഐതിഹ്യം. ഈ സമയത്ത് ദേവതകൾ ശാസ്താവിനെ സ്വർണപുഷ്പങ്ങളാൽ അഭിഷേകം ചെയ്തതിനാൽ ‘പൊൻസൊരിയും മുത്തിയൻ’ എന്നറിയപ്പെട്ടു. ഭൂതനാഥന്റെ ആദിസ്വരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. മാടൻ, മറുത, പേയ്, പേച്ചി എന്നീ ദ്രാവിഡ ദൈവങ്ങൾ എല്ലാം ഇവിടെ കുടികൊള്ളുന്നു. മഹാലിംഗസ്വാമിയും (ശിവൻ) ശാസ്താവിന്റെ പൂർണ, പുഷ്കല എന്നീ പത്നിമാരും മഹാശാസ്താവും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭക്തന്റെ മനസ്സിലെ നീചചിന്തകളെ ഒഴിവാക്കാൻ ഈ ക്ഷേത്രദർശനം സഹായിക്കുന്നു.
2. അച്ചൻകോവിൽ
മൂലാധാരം കഴിഞ്ഞാൽ അടുത്ത വിശിഷ്ടചക്രം ആണ് സ്വാധിഷ്ഠാനം. കേരളത്തിലെ അച്ചൻകോവിൽ ക്ഷേത്രത്തിൽ ഈ ചക്രം സ്ഥിതിചെയ്യുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള ശാസ്താക്ഷേത്രം. മണികണ്ഠ മുത്തിയൻ എന്നു തമിഴ് ഭാഷ്യം. സർപ്പദോഷം, സർപ്പവിഷം, വിഷബാധകൾ എന്നിവ അകറ്റുന്ന ക്ഷേത്രം. സർപ്പസൂക്തം എന്ന മന്ത്രത്താൽ സിദ്ധന്മാർ സർപ്പവിഷം ചികിത്സിച്ചിരുന്ന ക്ഷേത്രം. പൂർണ, പുഷ്കല എന്നീ ദേവിമാരും സത്യകൻ എന്ന മകനും ഒപ്പം അച്ചൻകോവിൽ ആണ്ടവരോടൊപ്പം ഇവിടെ കുടികൊള്ളുന്നു. 108 ശാസ്താക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഈ ക്ഷേത്രം കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആണു സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്.
സ്വാധിഷ്ഠാന ചക്രസ്ഥിതനായ അച്ചൻകോവിൽ ശാസ്താവിനെ ദർശിച്ചാൽ ഏകാഗ്രതയും വിജയവും സൗന്ദര്യബോധവും സമഭാവനയും അതിന്റെ ഏറ്റവും സംശുദ്ധമായ രൂപത്തില്‍ അനുഭവിക്കാൻ സാധിക്കും എന്ന് വിശ്വാസം. ഈ ക്ഷേത്രപരിസരത്ത് സർപ്പദംശനം ഏറ്റ് ആരും മരിച്ചിട്ടില്ല എന്നാണ് ഐതിഹ്യം.
3. ആര്യൻകാവ്
യോഗവിദ്യയിലെ മൂന്നാമത്തെ സ്ഥാനമാണ് മണിപൂരം. ആര്യൻകാവ് ശാസ്താക്ഷേത്രത്തിൽ ആണ് ഈ സ്ഥാനം. കേരള–തമിഴ്നാട് അതിർത്തിയിൽ ആര്യൻകാവിലെ അയ്യനെ ദർശിച്ചാൽ മണിപൂരചക്രത്തിലെ മാലിന്യങ്ങൾ നീക്കാം. അനന്തമായ ആഹ്ലാദത്തിന്റെ ഉറവിടമാണ് ഈ ക്ഷേത്രം.
കൈയിൽ പൂക്കളുമായി നിൽക്കുന്ന അഗ്നികേശനായ പഞ്ചലോഹ വിഗ്രഹമാണ് പ്രതിഷ്ഠ. സമീപത്ത് ഭഗവതിയും. ഉത്തര മഥുരാപുരിയിലെ ഒരു യുവതി ഭഗവാനിൽ ആകൃഷ്ടയായി എന്നും, അവളെ ഭഗവാൻ വിവാഹം കഴിച്ചു എന്നും വിശ്വസിച്ചുപോരുന്നു. 11 ദിവസത്തെ തിരുകല്യാണ ഉത്സവം പ്രധാനം. ഈ ഉത്സവത്തിന് സൗരാഷ്ട്രയിൽനിന്നും വിശ്വാസികൾ വരുന്നുണ്ട്.
Post Your Comments