തിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണത്തിനെതിരെ അഡ്വ. ചാണ്ടി ഉമ്മന്‍. അനാവശ്യ ഒമിക്രോണ്‍ ഭീതി പരത്തി ദേവാലയങ്ങളിലെ പ്രാർത്ഥന തടയുന്ന സർക്കാരിന്റെ നയം ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഒഴിവാക്കി കാര്യങ്ങൾ പഠിച്ചു നടപടികൾ എടുക്കുവാൻ ഇനിയെങ്കിലും പിണറായി സർക്കാർതയ്യാറാവണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : അധ്യാപികയെ ഭർത്താവും കുടുംബവും ക്രൂരമായി മർദിച്ചെന്ന് പരാതി : ഗുരുതര പരിക്ക്
കുറിപ്പിന്റെ പൂർണരൂപം :
അനാവശ്യ ഓമൈക്രോൺ ഭീതി ജനിപ്പിച്ചുകൊണ്ട് ദേവാലയങ്ങളിലെ ശ്രുശുഷകൾ തടഞ്ഞിരിക്കുന്ന ഗവണ്മെന്റിന്റെ നയം ശരിയല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ദക്ഷിണ ആഫ്രിക്കയിൽ ഓമൈക്രോൺ ആദ്യമായി കണ്ടെത്തിയപ്പോൾ തന്നെ വിശദമായ പഠനം നടത്തിയ ശാസ്ത്രജ്ഞർ ഓമൈക്രോൺ വലിയ ഭീതി ജനിപ്പിക്കുന്നയൊന്നല്ല എന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. കൂടാതെ ഓമൈക്രോണുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോസ്പിറ്റൽ സേവനം ആവശ്യമായ കേസുകളുടെ എണ്ണവും വളരെ ചുരുക്കം ആണെന്നാണ് കണക്കുകൾ പങ്കുവെക്കുന്ന വസ്തുത.
ഈ വസ്തുതകൾ എല്ലാം അറിഞ്ഞു വെച്ചുകൊണ്ടാണ് യാഥോരു വിധ അടിസ്ഥാനവും ഉപകാരവുമില്ലാത്ത രാത്രികാല കർഫ്യൂ ഗവണ്മെന്റ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. കേവലം മൂന്ന് ദിവസം അതും രാത്രിയിൽ മാത്രം പുറത്തിറങ്ങുന്ന എന്തോ ആണ് ഓമൈക്രോൺ എന്നാണ് കേരള ഗവണ്മെന്റ് ധരിച്ചിരിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല. സമൂഹത്തിൽ അനാവശ്യ ഓമൈക്രോൺ ഭീതി പരത്തിക്കൊണ്ട് അടിച്ചേൽപ്പിക്കുന്ന ഇത്തരം നടപടികൾ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. കോവിഡ് സംസ്ഥാനത്ത് എത്തിയിട്ട് രണ്ടു വർഷം ആകുകയാണ്, ഇനിയെങ്കിലും ഗവണ്മെന്റ് ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഒഴിവാക്കി, കാര്യങ്ങൾ പഠിച്ചു നടപടികൾ എടുക്കുവാൻ തയാറാവണം.
Post Your Comments