ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പോയി. ബുധനാഴ്ച രാവിലെയാണ് രാഹുൽ ഇറ്റലിയിലേക്ക് പോയത്. വ്യക്തിപരമായ സന്ദർശനം എന്നാണ് റിപ്പോർട്ട്.
അതേസമയം, ജനുവരി 3 ന് പഞ്ചാബിലെ മോഗ ജില്ലയിൽ രാഹുൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ഇറ്റലി സന്ദർശനത്തിന് പിന്നാലെ ഇത് മാറ്റി വയ്‌ക്കാനാണ് സാധ്യത. പഞ്ചാബിൽ രാഹുൽ ഇതുവരെ ഒരു റാലിയിൽ പോലും പങ്കെടുത്തിരുന്നില്ല. ജനുവരി മൂന്ന് മുതൽ പങ്കെടുക്കാം എന്നാണ് രാഹുൽ അറിയിച്ചിരുന്നത്. ഇത് പ്രകാരമാണ് ജനുവരി മൂന്നിന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് റാലിയെ രാഹുൽ അഭിസംബോധന ചെയ്യുമെന്ന് നേതൃത്വം തീരുമാനിച്ചത്.
Read Also : എസ്ഡിപിഐ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഡാലോചന: വെളിപ്പെടുത്തലുമായി വിജയ് സാക്കറെ
രാജ്യത്ത് അടുത്ത വർഷം ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് ഏറെ നിർണായകമാണെന്നിരിക്കെയാണ് രാഹുൽ പെട്ടന്ന് ഇറ്റലിയിലേക്ക് പോയത്. ഇതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ, പുതുവത്സരം ആഘോഷിക്കാനാണ് രാഹുൽ ഇറ്റലിയിലേക്ക് പോയതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.
Post Your Comments