തിരുവനന്തപുരം: മാനദണ്ഡങ്ങൾ അവഗണിച്ച് ഹോട്ടലുകളില്‍ ഭക്ഷണ വില കൂട്ടുന്നത് നിയന്ത്രിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഹോട്ടലുകളില്‍ ഭക്ഷണ വില അനിയന്ത്രിതമായി വര്‍ധിച്ചു വരുന്നത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മാനദണ്ഡങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ദൈനംദിനം വര്‍ധിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാരിന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്കും ലീഗല്‍ മെട്രോളജി വകുപ്പിനും നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും വില വിവരപട്ടിക കൃത്യമായി പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നുള്ള കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments