തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. എല്ലാ ജനവിഭാഗങ്ങള്‍ക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും വിശപ്പ് രഹിത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ അറിയുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും കാര്യങ്ങള്‍ മനസിലാക്കി ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ രണ്ട് വര്‍ഷം കൊണ്ട് 9,746 കോടി രൂപ ചെലവാക്കി. കാര്‍ഡ് ഉള്ള ഏതൊരാള്‍ക്കും ഓണക്കിറ്റ് നിഷേധിക്കില്ല. 87 ലക്ഷം കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് മാത്രമേ കിറ്റ് വാങ്ങാന്‍ കഴിയൂ. പോര്‍ട്ടബിലിറ്റി സൗകര്യം ഉണ്ടാകില്ല. എന്നാല്‍ സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ ഏത് റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍ സാധിക്കും. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും, ഇതിന് പകരം സെപ്റ്റംബര്‍ 16ന് റേഷന്‍ കടകള്‍ അവധിയായിരിക്കും’- ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്
തുണി സഞ്ചി അടക്കം 14 ഇനങ്ങളാണ് നാളെ മുതല്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലുള്ളത്. കശുവണ്ടിപ്പരിപ്പ്, നെയ്യ്, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഏലയ്ക്ക, വെളിച്ചെണ്ണ, തേയില, ശര്‍ക്കരവരട്ടി / ചിപ്‌സ്, ഉണക്കലരി, പഞ്ചസാര, ചെറുപയര്‍, തുവരപ്പരിപ്പ്, ഉപ്പ് എന്നീ സാധനങ്ങളാണ് ഓണക്കിറ്റിലുള്ളത്. നാളെയും മറ്റന്നാളും മഞ്ഞ കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം ചെയ്യും. 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുകാര്‍ക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. ഈ തീയതികളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്കാണ് 4, 5, 6, 7 തീയതികളില്‍ അവസരം നല്‍കുക. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂര്‍ത്തിയാകും. ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഭക്ഷ്യക്കിറ്റ് വാതില്‍പ്പടിയായിട്ടാകും വിതരണം.
Post Your Comments