കൊച്ചി: ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ഒളിവിൽ പോയത് ഇളയ സഹോദരിയെന്ന് പോലീസ്. മരിച്ചത് മൂത്ത പെൺകുട്ടി വിസ്മയയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഇളയ പെണ്‍കുട്ടി ജിത്തുവിന് വേണ്ടി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
പ്രണയം എതിർത്തതിനെ തുടർന്ന് ഇളയ പെൺകുട്ടി വിസ്മയയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം സ്ഥലത്തുനിന്നും ജിത്തു ഓടിപ്പോകുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബുധനാഴ്ച വൈകിട്ടോടെ ജിത്തുവിനെ പിടികൂടാനാകുമെന്നും പോലീസ് അറിയിച്ചു. ഇന്നലെയാണ് പറവൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിറകെ സഹോദരികളിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.
പെരുവാരം അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാൽ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്തമകൾ വിസ്മയയാണെന്ന് വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം, ഇളയ പെൺകുട്ടി ജിത്തു മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് കൗൺസിലർ ബീന ശശിധരൻ വ്യക്തമാക്കി.
ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ , ജിത്തു എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ജിത്തു രണ്ട് മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഡോക്ടറെ കാണാൻ ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണ് സംഭവം നടന്നത് .
Post Your Comments