പാലക്കാട്: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. സംഭവത്തിൽ കോഴിക്കോട് കല്ലായി സ്വദേശി നജീബ്, വടകര ചോമ്പാല സ്വദേശി രാമദാസൻ എന്നിവർ ആണ് അറസ്റ്റിലായത്. വേലന്താവളം ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മലപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് എത്തിക്കാനാണ് കഞ്ചാവ് കടത്തിയതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. റേഷനരി എന്ന വ്യാജേനയായിരുന്നു കടത്തൽ. പരിശോധനക്കായി തടഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ റേഷനരി ഉണ്ടെന്ന് പറഞ്ഞ് വാഹനവുമായി കടക്കാൻ ധിറുതി കാണിച്ചു. ഇതോടെ സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിച്ചപ്പോഴാണ് ഡിക്കിയിലും പിൻസീറ്റിലും ചാക്കിൽ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്.
Read Also : കോഴിക്കോട് നിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
വിപണിയിൽ ഒരു കോടിയിലധികം രൂപ വില മതിക്കുന്ന കാക്കിനാട കഞ്ചാവ് ആണ് പിടികൂടിയതെന്ന് പാലക്കാട് അസി. എക്സൈസ് കമീഷണർ പറഞ്ഞു. ഇൻസ്പെക്ടർ ഹരിനന്ദന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ ശിവശങ്കരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഹരിക്കുട്ടൻ, ശരവണൻ, വേണുഗോപാലൻ വളതല എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments