
കൃഷി വകുപ്പ് ഹോർട്ടികോർപ്പ് മുഖാന്തിരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്നും 10 ടൺ തക്കാളി കൂടി കേരളത്തിൽ എത്തിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. പച്ചക്കറികൾക്ക് വില കുതിച്ചുയർന്ന സമയത്ത് കൃഷി വകുപ്പ് കഴിഞ്ഞ ഒരു മാസമായി ശക്തമായ രീതിയിൽ വിപണി ഇടപെടലുകൾ നടത്തുകയും തത്ഫലമായി പല പച്ചക്കറികളുടെയും വില പൊതു വിപണിയിൽ നിയന്ത്രിക്കുവാനും കഴിഞ്ഞിട്ടുണ്ട്. പ്രാദേശികമായി കർഷകരിൽ നിന്നും സംഭരണം ശക്തമാക്കുകയും തമിഴ്നാട്ടിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്ന നടപടികളടക്കം പലതും ഇക്കാലയളവിൽ കൃഷിവകുപ്പ് ചെയ്യുകയുണ്ടായി.
തെങ്കാശിയിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കുന്നതിന് കഴിഞ്ഞ ആഴ്ച ധാരണയുമായിട്ടുണ്ട്. ഇതു പ്രകാരമുള്ള പച്ചക്കറികൾ അടുത്ത ആഴ്ച മുതൽ എത്തിത്തുടങ്ങുന്നതാണ്. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഡിസംബർ 22 മുതൽ ജാനുവരി 1 വരെ വിവിധ ഭാഗങ്ങളിലായി ക്രിസ്മസ് പുതുവത്സര വിപണികൾ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തിരമായി എത്തിക്കുന്നത്. തിങ്കളാഴ്ച ആന്ധ്രയിൽ നിന്നും തക്കാളി ലോഡുമായുള്ള വാഹനം തിരുവനന്തപുരത്ത് ആനയറയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Post Your Comments