തിരുവനന്തപുരം: കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്ത്. എറണാകുളത്തെ സംഭവത്തെക്കുറിച്ച് ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അക്രമസംഭവത്തിൻ്റെ പേരിൽ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന നിലപാടാണ് ഈ സർക്കാരിൻ്റേതെന്നും ശിവൻ കുട്ടി വ്യക്തമാക്കി.
നേരത്തെ, സ്പീക്കർ എം.ബി രാജേഷും സമാന അഭിപ്രായം നടത്തിയിരുന്നു. കൊച്ചിയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരിൽ അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുതെന്നുമായിരുന്നു സ്പീക്കർ ആവശ്യപ്പെട്ടത്. ആരു നടത്തിയാലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളായി കണ്ടാല്‍ മതിയെന്നും അതിന്റെ പേരിൽ അതിഥി തൊളിലാകളെ മുഴുവൻ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ലെന്നുമായിരുന്നു സ്പീക്കർ വ്യക്തമാക്കിയത്.
ഇന്നലെ പതിനൊന്ന് മണിയോടെയാണ് കിഴക്കമ്പലത്തെ അക്രമസംഭവങ്ങൾക്ക് തുടക്കം. ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. സംഘർഷത്തിന് പിന്നാലെ സമീപസ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ക്യാമ്പുകൾ റെയ്ഡ് ചെയ്ത പൊലീസ് സംഘം 150 ലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
Post Your Comments