![](/wp-content/uploads/2021/12/sans-titre-8-3.jpg)
1978 മുതൽ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഇന്ത്യയിൽ 18 വയസാണ്. ഇപ്പോൾ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്നിരിക്കെ, പുരോഗമനവാദികളും പുരോഗമന പ്രസ്ഥാനങ്ങളും ഇതിനെതിരാണ്. സമ്മിശ്ര അഭിപ്രായമാണ് എങ്ങും ഉയരുന്നത്. കേന്ദ്ര സർക്കാരിന് മറ്റ് ചില ഉദ്ദേശങ്ങൾ ഉണ്ടെന്ന ആരോപണം നിലനിൽക്കേ, നിയമത്തെ സ്വാഗതം ചെയ്യുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.
വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരവധി പേര് തനിക്ക് ക്ളാസുകൾ എടുക്കുന്നുണ്ടെന്നും പക്ഷെ, നിയമത്തെ അനുകൂലിക്കാൻ തനിക്ക് ഒരൊറ്റ കാരണം മാത്രം മതി എന്നുമാണ് ശാരദക്കുട്ടി പറയുന്നത്. 21 വയസ്സു വരെ നമ്മുടെ പെൺകുട്ടികളെ വീട്ടുകാർക്കു വിവാഹത്തിനു നിർബ്ബന്ധിക്കാൻ സാധിക്കില്ല എന്ന ഒറ്റക്കാരണം മതി ആ നിയമം വരുന്നതിനെ അനുകൂലിക്കാൻ എന്നാണു ശാരദക്കുട്ടി വ്യക്തമാക്കുന്നത്.
‘ഒരുപാടു സുഹൃത്തുക്കൾ വിവാഹപ്രായ തീരുമാനത്തെ എതിർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എനിക്ക് ക്ലാസുകൾ എടുത്തു തരുന്നുണ്ട്.
എന്നാൽ പറയട്ടെ, 21 വയസ്സു വരെ നമ്മുടെ പെൺകുട്ടികളെ വീട്ടുകാർക്കു വിവാഹത്തിനു നിർബ്ബന്ധിക്കാൻ സാധിക്കില്ല എന്ന ഒറ്റക്കാരണം മതി ആ നിയമം വരുന്നതിനെ എനിക്ക് അനുകൂലിക്കുവാൻ . ജീവിത പങ്കാളി ഒരു നാൾ കയ്യൊഴിഞ്ഞു പോയാലോ മരിച്ചു പോയാലോ അവരുടെ ജീവിതം നിലച്ചു പോകരുതല്ലോ. ആ ദുരന്തങ്ങൾക്കു ശേഷമല്ല അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടത്. രക്ഷകരാകാൻ നമുക്ക് വേറെയും അവസരങ്ങൾ കിട്ടും. ഔദ്യോഗിക ജീവിതത്തിലുടനീളം എല്ലാക്ലാസുകളിലും വർഷങ്ങളോളം ഞാൻ പറഞ്ഞു നടന്നതും ഇതു തന്നെ . പഠനവും എന്തെങ്കിലും തൊഴിൽ പ്രാപ്തിയും ആകാതെ വിവാഹത്തിൽ ചെന്ന് തല വെക്കരുതെന്ന് . പെൺകുട്ടികളുടെ അധികാരി ചമയുന്ന വീട്ടുകാരെയും കല്യാണമായില്ലേ എന്ന് കുത്തിത്തിരിക്കുന്ന ബന്ധുമിത്രങ്ങളെയും നിലക്കു നിർത്താനെങ്കിലും ഈ നിയമം അത്യാവശ്യമാണ്. മറ്റൊക്കെ അതിനു ശേഷം’, ശാരദക്കുട്ടി പറഞ്ഞു.
Post Your Comments