കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കാനിരിക്കെ, സംഭവത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന ഒരു ചോദ്യം പണ്ട് മുഴങ്ങി കേട്ടിരുന്നുവെന്നും, എല്ലാം ഇന്ന് കെട്ടടങ്ങിയെന്നും ശാരദക്കുട്ടി പറയുന്നു. പ്രതിഷേധങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും കനലുകൾ കെടുത്തുവാൻ ‘രക്ഷക’രുണ്ട് ചുറ്റിലും. ഒറ്റ ശബ്ദവും പുറത്തു കേൾക്കരുത്. കൊച്ചി ഇനി എന്ന് പഴയ കൊച്ചിയാകുമോ എന്ന ആശങ്കയും എഴുത്തുകാരി പങ്കുവെയ്ക്കുന്നു. മറ്റു നഗരങ്ങളിലെ മാലിന്യക്കൂനകൾ പ്രവചിക്കുന്നതും വലിയ ദുരന്തം തന്നെയാണെന്നും പുകയോളം കനക്കുന്ന നിരാശ മാത്രമാണ് ഇനി ബാക്കിയെന്നും ശാരദക്കുട്ടി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
തീക്കര എന്നൊരു പ്രയോഗം കവി വീരാൻ കുട്ടിയുടെ ‘പുകയില്ലാത്ത അടുപ്പുകളുടെ ഉപമ’ എന്ന കവിതയിലുണ്ട്. കൊച്ചി ആ വാക്ക് ഓർമ്മയിൽ കൊണ്ടു വരുന്നു. നിസ്സഹായരുടെ നിശ്ശബ്ദമാക്കപ്പെടുന്ന സഹനങ്ങൾ പുകയില്ലാത്ത അടുപ്പുകളുടെ ഉപമയിലുണ്ട്.
കൊള്ളിയും
കൊള്ളിവെപ്പുകാരും
മാറിക്കൊണ്ടേയിരിക്കും.
തീക്കരയിലെ
സ്ത്രീലിംഗ പ്രതിഷ്ഠകൾ
എവിടേയും പോകുന്നില്ല.
പുകയില്ലാത്ത അടുപ്പുകൾ എന്നത് ഒരു ശാസ്ത്ര സാഹിത്യ രാഷ്ട്രീയ ഉപമയാണ്..
കിടപ്പിനു മുമ്പുള്ള
യാമത്തിൽ
രക്ഷകരിലാരെങ്കിലും വന്നു
വെള്ളം തളിച്ചു പോകും.
ഉറക്കം കെടുത്തുന്ന
ഒറ്റക്കനലും
ബാക്കിയാവരുത്.
‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ‘ എന്ന ഒരു ചോദ്യം പണ്ട് മുഴങ്ങി കേട്ടിരുന്നു. എല്ലാം ഇന്ന് കെട്ടടങ്ങി.
പ്രതിഷേധങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും കനലുകൾ കെടുത്തുവാൻ ‘രക്ഷക’രുണ്ട് ചുറ്റിലും. ഒറ്റ ശബ്ദവും പുറത്തു കേൾക്കരുത്.
കൊച്ചി ഇനി എന്ന് പഴയ കൊച്ചിയാകുമോ എന്തോ? മറ്റു നഗരങ്ങളിലെ മാലിന്യക്കൂനകൾ പ്രവചിക്കുന്നതും വലിയ ദുരന്തം തന്നെ. പുകയോളം കനക്കുന്ന നിരാശ മാത്രം ബാക്കി.
Post Your Comments