
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസായി ഉയര്‍ത്തുന്ന പുതിയ നിയമം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. യുവാക്കള്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്യേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത്. ഇതുവരെ യുകെയില്‍ പതിനാറോ പതിനേഴോ വയസ് പ്രായമുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. യുകെയിലെ ദക്ഷിണേഷ്യന്‍, ആഫ്രിക്കന്‍ കമ്മ്യൂണിറ്റികളിലെ ചില വിഭാഗങ്ങളിലാണ് പ്രധാനമായും ഈ രീതി നിലനിന്നിരുന്നത്.
നിര്‍ബന്ധിത വിവാഹങ്ങള്‍ക്കെതിരെ ക്യാംപെയ്ന് നടത്തിയിരുന്ന സംഘടനകള്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ”നിര്‍ബന്ധിത വിവാഹങ്ങള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. പുതിയ നിയമം യുവാക്കള്‍ക്ക് സംരക്ഷണമാകും എന്നുറപ്പാണ്’, യുകെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും നീതിന്യായ വകുപ്പ് സെക്രട്ടറിയുമായ ഡൊമിനിക് റാബ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നവര്‍ ഇനി മുതല്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈശവവിവാഹം നടത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
18 വയസ് ആണ് പ്രായപൂര്‍ത്തിയാകുന്നതു സംബന്ധിച്ചും പൗരത്വ അവകാശങ്ങള്‍ നേടുന്നതു സംബന്ധിച്ചുമുള്ള പ്രായമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നും യുകെ സര്‍ക്കാര്‍ പറഞ്ഞു. ഇതിനു മുന്‍പ് രാജ്യത്ത് നിര്‍ബന്ധിത വിവാഹങ്ങള്‍ കുറ്റകരമായിരുന്നെങ്കിലും പുതിയ നിയമം നിലവില്‍ വന്നതോടെ 18 വയസിന് താഴെയുള്ളവരുടെ വിവാഹം, അത് ഏത് സാഹചര്യത്തിലായാലും കുറ്റകരമാണ്.
Post Your Comments