തിരുവനന്തപുരം: കുമാരപുരം ജങ്ഷനിൽ മൂന്ന് കടകളിൽ വൻ തീപിടിത്തം. കുമാരപുരം എ.ജെ ഹാളിന് സമീപമുള്ള മെഡിക്കൽ സ്റ്റോർ, ഫുട്വെയർ ഷോപ്, ബാർബർ ഷോപ് എന്നിവയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന് കടകളും പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്കാണ് സംഭവമുണ്ടായത്.
ആദ്യം തീ പിടിച്ചത് ഫാൻസി സ്റ്റോറിലാണ്. തീ അതിവേഗത്തിൽ പടർന്നതിനെ തുടർന്ന് ജീവനക്കാർ പുറത്തിറങ്ങി. ഉടൻ തന്നെ ചാക്കയിലെ അഗ്നിശമന നിലയത്തിൽ വിളിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തുമ്പോഴേക്കും സമീപത്തുണ്ടായിരുന്ന രണ്ട് കടകളിലേക്കുകൂടി തീപടർന്നിരുന്നു. ഫാൻസി സ്റ്റോർ ജീവനക്കാർ ബഹളംവെച്ച് സമീപത്തെ കടക്കാരെ അറിയിച്ചതിനാൽ ആളപായമുണ്ടായില്ല.
രാജാജി നഗറിൽ നിന്നും ചാക്കയിൽ നിന്നും നാല് ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫാൻസി കടയിലെ ഷോർട്ട് സർക്യൂട്ട് അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് കടകൾക്കുകൂടി 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
Post Your Comments