ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നെന്ന് ആരോപണവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എല്ലാ ദിവസവും വൈകുന്നേരം ചോർത്തിയ ഫോൺ സംഭാഷണം യോഗി ആദിത്യനാഥ് കേൾക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
‘ഞങ്ങളുടെ എല്ലാവരുടേയും ഫോൺ സംഭാഷണങ്ങൾ യോഗി ആദിത്യനാഥ് കേട്ടു കൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചോർത്തിയ സംഭാഷണങ്ങൾ മുഖ്യമന്ത്രി കേൾക്കുന്നു. സംസ്ഥാനത്ത് യോഗി സർക്കാർ വാട്സാപ്പ് സർവകലാശാല നടത്തുകയാണ്’. സമാജ് വാദി പാർട്ടി നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും ഇൻകം ടാക്സ് റെയ്ഡ് നടന്നതിന് പിന്നാലെയാണ് അഖിലേഷ് യാദവ് ആരോപണവുമായി രംഗത്തെത്തിയത്.
ബിജെപി കോൺഗ്രസിന്റെ പാതയാണ് പിന്തുടരുന്നതെന്നും കോൺഗ്രസിനെ പോലെത്തന്നെ ബിജെപി കേന്ദ്ര ഏജൻസികളെ വിട്ട് രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് ബിജെപിയെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
Post Your Comments