തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനം ലഭിക്കാന്‍ 21 ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് പ്രവാസി മലയാളി വിഗ്നേശ് മേനോൻ. ഇക്കാര്യം വ്യക്തമാക്കി വിഗ്നേശ് ദേവസ്വത്തിന് ഇ മെയില്‍ സന്ദേശമയച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ വിഗ്നേഷ് ദുബൈയില്‍ ബിസിനസുകാരനാണ്. വാഹനത്തിന്റെ ലേലം ഓണ്‍ലൈന്‍ മുഖേന നടത്തണമെന്നും വിഗ്നേശ് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘പ്രവാസിയായതിനാല്‍ എനിക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ ഞാന്‍ ഒരു തുക ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ലേലം ഓണ്‍ലൈന്‍ മുഖാന്തരം നടത്തണമെന്നും അതില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ക്ക് കഴിയട്ടെയെന്നാണ് ആഗ്രഹം.’ വിഗ്നേശ് പറഞ്ഞു.
അതേസമയം, ശനിയാഴ്ച്ച നടത്തിയ ലേലത്തില്‍ അമല്‍ മുഹമ്മദ് അലിയെന്ന 21 കാരന്‍ 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. എന്നാൽ താല്‍ക്കാലികമായി മാത്രമേ ലേലം ഉറപ്പിച്ചിട്ടുള്ളുവെന്നും ഭരണ സമിതി അംഗീകാരം ലഭിച്ചാല്‍ മാത്രമേ വാഹനം കൈമാറാനാകൂ എന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ ദാസ് അറിയിച്ചു. ഭരണ സമിതി യോഗം ചേര്‍ന്ന ശേഷം മാത്രമേ ലേലം അംഗീകരിക്കൂക്കുവെന്നും അന്തിമ അംഗീകാരം നല്‍കുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് നെയ്യഭിഷേകം നടത്താൻ അനുമതി
എന്നാല്‍ നിയമനടപടികള്‍ എല്ലാം പാലിച്ചാണ് ഗുരുവായൂരിലെ ലേലത്തില്‍ പങ്കെടുത്തതെന്ന് അമൽ മുഹമ്മദ് അലി പ്രതികരിച്ചു. ലേലത്തിന് ശേഷം വാഹനം വിട്ടുനല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ലെന്നും വാഹനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ലെന്നും അമൽ മുഹമ്മദ് അലി വ്യക്തമാക്കി. ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അമൽ കൂട്ടിച്ചേർത്തു.
Post Your Comments