
തൃശൂർ: ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ഥാർ വാഹനം 15.10 ലക്ഷം രൂപയ്ക്ക് ലേലം പിടിച്ച അമൽ മുഹമ്മദ് അലിക്ക് തന്നെ ലേലം ഉറപ്പിച്ചു നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനം. കൂടുതൽ തുകയ്ക്ക് വാഹനം എടുക്കാൻ തയാറാണോ എന്ന് ലേലം പിടിച്ച അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി സുഭാഷ് പണിക്കരെ വിളിച്ച് ഭരണസമിതി അന്വേഷണം നടത്തിയിരുന്നു. എന്നാൽ 15.10 ലക്ഷം രൂപയിൽ കൂടുതൽ നൽകാൻ തയാറല്ലെന്ന് ഇവർ അറിയിച്ചു. ഇതേ തുടർന്ന് വാഹനം അമൽ മുഹമ്മദ് അലിക്ക് തന്നെ നല്കാൻ ദേവസ്വം തീരുമാനം എടുക്കുകയായിരുന്നു.
ലേലത്തുകയോടൊപ്പം ജിഎസ്ടിയും ചേർത്ത് 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തിൽ അടയ്ക്കണം. ദേവസ്വം കമ്മിഷണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുക അടപ്പിച്ച് റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി വാഹനം കൈമാറും. യോഗത്തിൽ ദേവസ്വം ചെയർമാൻ കെബി മോഹൻദാസ് അധ്യക്ഷനായി. നേരത്തെ ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തിൽ ഒരാൾ മാത്രമാണു പങ്കെടുത്തത്.
എറണാകുളം ഇടപ്പള്ളി സ്വദേശിയും ബഹ്റൈനിൽ ബിസിനസ്സുകാരനുമായ അമൽ മുഹമ്മദ് അലിയാണ് ലേലത്തിൽ വാഹനം സ്വന്തമാക്കിയത്. വാഹനം ലേലം ചെയ്തതിനു പിന്നാലെ തുകയെച്ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുത്തു. ഇതേതുടർന്ന് ലേലം ഉറപ്പിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ദേവസ്വം ഭരണസമിതി പിന്നീട് സ്വീകരിക്കുമെന്ന് അറിയിക്കുകയായിരുന്നു.
Post Your Comments