ജിദ്ദ: സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് സൗദി. സൗദി കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദാണ് ഇക്കാര്യം അറിയിച്ചത്. ജിദ്ദ പ്രോജക്ടിന്റെ പ്രധാന സവിശേഷതകളെ കുറിച്ചും അദ്ദേഹം വിശദമാക്കി. ന്യൂ ജിദ്ദ ഡൗൺടൗൺ എന്ന പേരിലായിരുന്നു ഈ പദ്ധതി മുൻപ് അവതരിപ്പിച്ചിരുന്നത്.
75 ബില്യൺ റിയാലാണ് പദ്ധതിയുടെ മൂല്യം. സൗദി കിരീടാവകാശി മുന്നോട്ട് വെക്കുന്ന രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വികസനം എത്തിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജിദ്ദയുടെ ഹൃദയഭാഗത്തായി ചെങ്കടലിനെ അഭിമുഖീകരിക്കുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരിടം വികസിപ്പിക്കുന്നതാണ് പദ്ധതി. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപകർ എന്നിവരാണ് ഈ പദ്ധതിയ്ക്കായി പണം ചെലവഴിക്കുന്നത്.
ഓപ്പറ ഹൗസ്, മ്യൂസിയം, സ്‌പോർട്‌സ് സ്റ്റേഡിയം, ഓഷ്യനേറിയം തുടങ്ങിയ സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ടൂറിസം, വിനോദമേഖല, സ്‌പോർട്‌സ്, സാംസ്‌കാരിക മേഖല തുടങ്ങിയ നിരവധി മേഖലകളുടെ വികസനമാണ് സൗദിയുടെ ലക്ഷ്യം.
Post Your Comments