തൊടുപുഴ: മൂന്ന് തവണ ദേവികുളം എം.എൽ.എയായിരുന്ന എസ്.രാജേന്ദ്രൻ സി.പി.എമ്മിൽനിന്ന് പുറത്തേക്കെന്ന് സൂചന. ജില്ലയിലെ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗവുമായ എം.എം. മണി ഏതാനും ആഴ്ചകളായി പാർട്ടി സമ്മേളന വേദികളിൽ രാജേന്ദ്രനെതിരെ നടത്തുന്ന കടന്നാക്രമണം അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിയൊരുക്കലാണെന്ന് വിലയിരുത്തപ്പെടുന്നു.പുറത്തുപോയാൽ രാജേന്ദ്രൻ സി.പി.െഎയിൽ ചേരുമെന്നാണ് റിപോർട്ടുകൾ.
അവസാനം വരെ സി.പി.എമ്മിനൊപ്പം നില്‍ക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞതിന് പിന്നാലെ സി.പി.ഐ മോശം പാര്‍ട്ടിയല്ലെന്നും രാജേന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു. സി.പി.ഐ യിലേക്ക് പോകാനുള്ള താല്പര്യം ചില അടുപ്പക്കാരോട് അദ്ദേഹം പങ്കുവെച്ചതായും അറിയുന്നു.നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. എ. രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന് ശ്രമിച്ചെന്ന ആരോപണത്തില്‍ ജില്ല കമ്മിറ്റി അന്വേഷണ കമീഷനെ നിയോഗിച്ചതുമുതലാണ് പാര്‍ട്ടിയും രാജേന്ദ്രനും അകന്നത്.
കമീഷന് റിപ്പോര്‍ട്ടില്‍ തീരുമാനമാകും മുൻപേ എം.എം. മണി കിട്ടുന്ന വേദികളിലെല്ലാം രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. രാജേന്ദ്രനെ ജാതിയുടെ ആളായി ചിത്രീകരിച്ച് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷം എം.എല്‍.എയാക്കിയ പാര്‍ട്ടിക്ക് വിരുദ്ധമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രാജേന്ദ്രനെ ഇനി ചുമക്കാനാവില്ലെന്നും പുറത്താക്കുമെന്നും ചൊവ്വാഴ്ച മറയൂര്‍ ഏരിയ സമ്മേളനത്തില്‍ മണി തുറന്നടിച്ചു. രാഷ്ട്രീയ ബോധം തെറ്റിപ്പോയ രാജേന്ദ്രന് ഇനി സി.പി.എമ്മില്‍ തുടരാനാവില്ലെന്നും മണി പറഞ്ഞു.
എന്നാല്‍, പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തന്നെ പുറത്താക്കട്ടെ എന്ന നിലപാടിലാണ് രാജേന്ദ്രന്. 40 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ ജാതിയുടെ ആളായി ചിത്രീകരിച്ച് ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നാണ് അദ്ദേഹം പറയുന്നത്. തനിക്കെതിരായ ചിലരുടെ ആസൂത്രിത നീക്കത്തെക്കുറിച്ച് ജില്ല കമ്മിറ്റിക്ക് നല്കിയ കത്ത് പരിഗണിക്കാത്തതിലും എം.എം. മണിയുടെ പരസ്യ വിമര്‍ശനങ്ങളിലും അദ്ദേഹം അങ്ങേയറ്റം അസംതൃപ്തനാണ്. രാജേന്ദ്രനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന്റെ പരസ്യപ്രഖ്യാപനമായാണ് മണിയുടെ പ്രസംഗത്തെ കാണുന്നത്.
എന്നാല്‍, പുറത്താക്കിയാല്‍ പാര്‍ട്ടി വേദികളില്‍ അക്കാര്യം വിശദീകരിക്കല്‍ വലിയ ബാധ്യതയാകുമെന്നതിനാല്‍ പുകച്ചുപുറത്തുചാടിക്കുക എന്ന തന്ത്രമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. എം.എം. മണിയുടെ നിരന്തര ആക്രമണം ഇതിന്റെ സൂചനയാണ്.
Post Your Comments