2020 ജൂൺ മാസം 22ന് ആയിരുന്നു ആഷിഖ് അബു – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ‘വാരിയംകുന്നന്‍’ എന്ന സിനിമ വരുന്നതായി പ്രഖ്യാപിക്കപ്പെട്ടത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സിനിമ പ്രഖ്യാപിച്ചതോടെയാണ് വാരിയംകുന്നൻ വിവാദങ്ങളിൽ ഇടംപിടിച്ചത്. തുടർന്ന് സിനിമയിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറിയിരുന്നു. ഒരു വർഷം കഴിഞ്ഞ് 2021 സെപ്തംബർ 1 നാണു ചിത്രത്തിൽ നിന്നും താനും പൃഥ്വിരാജ് സുകുമാരനും പിന്മാറുകയാണെന്ന് അറിയിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്ത് വന്നത്.
മാപ്പിള ലഹളയുമായി ബന്ധപ്പെട്ട് വാരിയംകുന്നൻ ഹിന്ദുക്കളെ കൊന്നൊടുക്കിയതായും നിരവധി പേരെ മതപരിവർത്തനം ചെയ്തതായും വിവിധ കോണുകളിൽ നിന്ന് ആരോപണങ്ങളുയർന്നിരുന്നു. ഈ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയായിരുന്നു പൃഥ്വിരാജ്, ആഷിഖ് അബു എന്നിവരുടെ പിന്മാറ്റം. എന്നാൽ, വിവാദങ്ങളെ ഭയന്നല്ല ഈ പിന്മാറ്റമെന്ന് വ്യക്തമാക്കി ആഷിഖ് അബു രംഗത്ത് വന്നിരുന്നു. വലിയ സാമ്പത്തിക ചെലവ് വരുന്ന ചിത്രമാണ് ഇതെന്നും പ്രൊഡക്ഷന്‍ കമ്പനിയായ കോമ്പസ് സിനിമയുടെ കൈവശം സിനിമയ്ക്ക് ആവശ്യമായ പണമില്ലാത്തതാണ് ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്നുമായിരുന്നു ആഷിഖ് അബുവിന്റെ വിശദീകരണം.
അതേസമയം, നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ആഷിക് അബുവും പിന്‍മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രൊഡക്ഷൻ കമ്പനിയായ കോമ്പസ് മുവീസ് തങ്ങളുടെ ഭാഗം വ്യായീകരിച്ച് രംഗത്ത് വരികയും ചെയ്തു. വാരിയംകുന്നന്‍ ഏറ്റവും മികച്ച കലാമികവോടെ ആഗോള സിനിമാ ലോകത്തേക്ക് എത്തിക്കുമെന്ന് കോമ്പസ് മുവീസ് വ്യക്തമാക്കി. രണ്ട് ഭാഗങ്ങളായാണ് സിനിമ എത്തുക. വിപുലമായ പിന്നണിപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും കോമ്പസ് മൂവീസ് അറിയിച്ചിരുന്നു. വാരിയംകുന്നന്‍ മറ്റൊരു നായകനും സംവിധായകനുമൊപ്പം എത്തുമെന്ന പ്രഖ്യാപനം മുഹസിന്‍ പരാരി, ഹര്‍ഷദ് തുടങ്ങിയവര്‍ പങ്കുവെക്കുകയും ചെയ്തു.
മാപ്പിള ലഹളയുടെ ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ശരിയല്ലെന്നും ഹിന്ദുക്കളെ വ്യാപകമായി നിർബന്ധിത പരിവർത്തനം നടത്തിയത് ബ്രിട്ടീഷ് ചാരന്മാരാണെന്നും ആരോപിച്ച് സിനിമയുടെ തിരക്കഥ രചിച്ച, സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്തകം എഴുതിയ റമീസ് മുഹമ്മദും രംഗത്ത് വന്നു. ആദ്യം അന്‍വര്‍ റഷീദ് ചിത്രം ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആഷിഖ് അബു ഏറ്റെടുത്തത്. എന്നാൽ, അതിനു അധികം ആയുസുണ്ടായില്ല. ആഷിഖ് അബുവിന്റെ പിന്മാറ്റത്തിന് പിന്നാലെ ഇനി ആര് ചിത്രം ഏറ്റെടുക്കുമെന്ന ചർച്ചയാണ് സിനിമാ ഗ്രൂപ്പുകളിൽ നടക്കുന്നത്.
Post Your Comments