മനില: മധ്യ ഫിലിപ്പൈൻസിൽ കൊടുങ്കാറ്റിന്റെ ഭീഷണിയെ തുടർന്ന് പതിനായിരക്കണക്കിന് പേരെ പോലീസ് ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ഭ്രാന്തമായ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റ്, അതിവേഗം രാജ്യത്തെ സമീപിക്കുകയാണ്. ഇപ്പോൾ 180 കിലോമീറ്റർ വേഗതയിൽ ആഞ്ഞു വീശുന്ന കാറ്റ്, 230 കിലോമീറ്റർ വരെ വേഗമാർജ്ജിക്കുമെന്നാണ് കണക്കാക്കുന്നത്.
കാറ്റഗറി അഞ്ചിൽ ഉൾപ്പെടുന്ന സൂപ്പർ ടൈഫൂൺ വിഭാഗത്തിൽപ്പെട്ടതാണ് കൊടുങ്കാറ്റ്. ഡിനഗാറ്റ്, സുരിഗാവോ ദ്വീപ് പ്രവിശ്യകളെ ലക്ഷ്യമാക്കിയാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രാദേശിക സമയം അഞ്ചുമണിയോടെ ഈ പ്രദേശങ്ങളിൽ കൊടുങ്കാറ്റ് വീശുമെന്ന് ഫിലിപ്പീൻസ് കാലാവസ്ഥ ബ്യൂറോയായ പഗാസ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ഫിലിപ്പൈൻസിൽ ഉണ്ടാവുന്ന അൻപതാമത്തെ കൊടുങ്കാറ്റാണ് റായ്. നാവികരോട് കടലിൽ പോകരുതെന്നു കൽപ്പിച്ച് ഫിലിപ്പൈൻസ് അധികൃതർ തീരപ്രദേശത്തുള്ള ജനങ്ങളെ പൂർണമായും ഒഴിപ്പിക്കുകയാണ്.
Post Your Comments