Latest NewsNewsIndiaInternational

ചൈനയുടെ കുതന്ത്രം പാളി: നീക്കം ആദ്യം തള്ളിയത് ഇന്ത്യ, പിന്നാലെ മറ്റ് നാല് രാജ്യങ്ങളും

ചൈനയുടെ പുതിയ ഭൂപടം വിവാദങ്ങൾക്ക് കാരണമായിരുന്നു. അരുണാചൽ പ്രദേശ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പുതിയ ഭൂപടമാണ് വിവാദങ്ങൾക്ക് കാരണമായത്. ഭൂപടം തള്ളി ഇന്ത്യ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ തീരുമാനത്തിനൊപ്പം ചേർന്നിരിക്കുകയാണ് ഫിലിപ്പീൻസ്, മലേഷ്യ, വിയറ്റ്‌നാം, തായ്‌വാൻ എന്നീ രാജ്യങ്ങളും. ചൈനയുടെ പുതിയ ഭൂപടത്തെ ഇവരും തള്ളിക്കളയുന്നു.

ജി-20 ഉച്ചകോടി നടക്കാനിരിക്കെയാണ് ചൈന ഭൂപടം പുറത്തിറക്കിയത്. സ്വന്തമല്ലാത്ത പ്രദേശം ഉൾപ്പെടുത്തുന്നത് ചൈനയുടെ ശീലമാണെന്ന് പറഞ്ഞുകൊണ്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനയുടെ ഭൂപടം തള്ളുന്നതായി വ്യക്തമാക്കിയത്. ചൈനയുടെ ഭൂപടം ഇന്ത്യയെ ബാധിക്കുന്നതല്ലെന്നും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ കുറിച്ച് കേന്ദ്രത്തിന് വ്യക്തമായ ധാരണയുണ്ടെന്നും വ്യക്തമാക്കിയ ജയശങ്കർ, അസംബന്ധ വാദങ്ങൾ ഉന്നയിച്ചാൽ അരുണാചൽ ചൈനയുടേതാകില്ലെന്നും ചൂണ്ടിക്കാട്ടി.

അരുണാചൽ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ആഗസ്റ്റ് 28 ന് പുറത്തിറക്കിയ ഭൂപടത്തിലാണ് ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും ഉൾപ്പെടുത്തിയത്. പുതിയ മാപ്പ് ചൈന പ്രസിദ്ധീകരിച്ചതിന് പിന്നാലെ സർക്കാരിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ചൈനയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. ലഡാക്കിൽ ചൈന അതിക്രമിച്ചു കയറി എന്ന് രാഹുൽ ഗാന്ധി പറഞ്ഞത് സത്യമാണെന്നും ചൈന അരുണാചൽ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നു എന്നും റാവത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button