തിരുവനന്തപുരം: മലയാളികള്‍ ഇത്രത്തോളം അധ;പതിച്ചോ എന്ന ചോദ്യം ഉന്നയിച്ച് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തെ തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളില്‍ വരുന്ന ആഹ്ലാദ പ്രകടനത്തെ തുടര്‍ന്നാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്ത് എത്തിയത്. റാവത്തിന്റെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ പലയാളുകളും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട് ആവേശം കൊള്ളുകയും ‘ഹഹഹ’ റിയാക്ഷന്‍ നല്‍കുകയും അപകടത്തെ ഒരു ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ട്. ഇത് തന്നെ അത്യധികം ദുഃഖിപ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു. ഒരിക്കലും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും സൈബര്‍ പോലീസ് ഇവരെ കണ്ടെത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ശ്രീകുമാരന്‍ ആവശ്യപ്പെട്ടു.
Read Also : ഇന്ത്യ ഒരിക്കലും മറക്കില്ല അദ്ദേഹത്തെ, രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച റാവത്തിനെ കുറിച്ച് പ്രധാനമന്ത്രി
‘രാജ്യത്തിന് ഇന്ന് കറുത്ത ദിനമാണ്. ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ പത്നിയുമടക്കം 13 പേര്‍ ഈ ഭൂമി വിട്ടുപോയിരിക്കുകയാണ്. ഭാരതത്തിന് ആദ്യമായിട്ടായിരുന്നു ഒരു സംയുക്ത സൈനിക മേധാവിയെ ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ആഘോഷമാക്കിയ പലരുടെയും പ്രതികരണങ്ങള്‍ അത്യധികം നടുക്കത്തോടെയാണ് കാണേണ്ടി വന്നത്. ഇത്തരക്കാരെ പിടികൂടി പോലീസ് കേസെടുക്കാന്‍ തയ്യാറാകണം. എല്ലാ ഭാരതീയരും സംഘടിച്ച് ഈ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. ഭാരതത്തിന്റെ വായുവും അന്നവും കഴിച്ചുകൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നവര്‍ ക്രിമിനലുകളാണ്. അവരെ കണ്ടെത്തി കേസെടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും വേണം’, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ഭാരതത്തിന്റെ അഭിമാനമായ സൈനിക മേധാവിക്കും അദ്ദേഹത്തോടൊപ്പം അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും രാജ്യം നേരിട്ട ഏറ്റവും വലിയ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments