ഫരീദാബാദ് : പൊതു ഇടങ്ങളിലെ നിസ്‌കാരം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഗുരുഗ്രാമിലെ വിവിധ മേഖലകളിൽ പൊതുസ്ഥലങ്ങളിൽ നമസ്‌കാരം അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
എല്ലാ മതങ്ങളിലെയും അംഗങ്ങൾ അവരുടെ സ്വന്തം സ്ഥലത്തോ ആരാധനയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ പ്രാർത്ഥനകൾ അർപ്പിക്കണമെന്നും പൊതു ഇടങ്ങളിലല്ല മസ്ജിദുകളിലോ ഈദ്ഗാഹുകളിലോ ആണ് നിസ്ക്കാരം നടത്തേണ്ടതെന്നും മനോഹർ ലാൽ ഖട്ടർ പറഞ്ഞു. മതപ്രാർഥനയുടെ മറവിൽ നഗരത്തിലെ പൊതു ഇടങ്ങളിൽ അതിക്രമിച്ചു കയറുന്നത് ഇനി മുതൽ സംസ്ഥാന ഭരണകൂടം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സ്വന്തം സ്ഥലത്ത് നമസ്‌കരിച്ചാൽ അതിൽ പ്രശ്‌നമില്ല. ഇത്തരം പരിപാടികൾ തുറസ്സായ സ്ഥലത്ത് നടത്തരുത്. തുറസ്സായ സ്ഥലങ്ങളിൽ നടത്തുന്ന നമസ്‌കാരം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. വിഷയത്തിൽ സൗഹാർദ്ദപരമായ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പൊതു പ്രാർത്ഥനകൾ നടത്തുന്നത് സംഘർഷത്തിലേക്ക് നയിക്കും. അത് സംഭവിക്കാൻ പാടില്ല. പരിഹാരം കാണുന്നതിന് പുതിയ ചർച്ചകൾ ഉണ്ടാകും.’ മനോഹർലാൽ ഖട്ടർ വ്യക്തമാക്കി.
Post Your Comments