ന്യൂഡൽഹി: കിഴക്കൻ ജർമ്മനിയുടെയും പശ്ചിമ ജർമ്മനിയുടെയും ഏകീകരണം പോലെ ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ലയനവും സാധ്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ഗുരുഗ്രാമിൽ ബി.ജെ.പിയുടെ ദേശീയ ന്യൂനപക്ഷ മോർച്ചയുടെ ത്രിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിഴക്കന്‍ ജർമ്മനിയും പശ്ചിമ ജർമ്മനിയും തമ്മില്‍ ലയിക്കാമെങ്കില്‍ ഇന്ത്യയുമായി പാകിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും ലയനവും നടക്കും. അധികം കാലമൊന്നുമായിട്ടില്ല ഇത് നടന്നിട്ട്. 1991ലായിരുന്നു സംഭവം. അന്ന് ആളുകള്‍ അവര്‍ക്കിടയിലെ ബെര്‍ലിന്‍ വാള്‍ തകര്‍ത്തിരുന്നു,’ ലാല്‍ ഖട്ടര്‍ പറഞ്ഞു.
1947-ൽ രാജ്യത്തുണ്ടായ വിഭജനം വേദനാജനകമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അന്നത്തെ വിഭജനം മതപരമായ അടിസ്ഥാനത്തിൽ ചെയ്തതാണെന്നും ഖട്ടർ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥയാണ് പാർട്ടി സൃഷ്ടിച്ചതെന്ന് മനോഹർ ലാൽ ഖട്ടർ കോൺഗ്രസിനെ കുറ്റപ്പെടുത്തി പറഞ്ഞു. എന്നാൽ, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ജനങ്ങൾക്ക് ഇപ്പോൾ മനസിലായെന്നും അദ്ദേഹം പരിഹസിച്ചു.
‘ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് ‘ന്യൂനപക്ഷ’ ടാഗ് നൽകിയത് അവർക്ക് ഭയവും അരക്ഷിതാവസ്ഥയും വളർത്താതിരിക്കാനാണ്’, അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി ഉപയോഗിച്ചിട്ടുണ്ടെന്നും, ബി.ജെ.പിയുടെ ലക്ഷ്യം സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയാണെന്നും ഖട്ടർ പറഞ്ഞു.
Post Your Comments