തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരന് മയക്കുമരുന്ന് കൊടുക്കാനെത്തിയ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി വവ്വാക്കാവ് വരവിളയിൽ തറയിൽ തെക്കേതിൽ ഇജാസാണ് (38) അറസ്റ്റിലായത്.
നിരവധി കേസുകളിലെ പ്രതിയാണ് ഇജാസ്. ഒരു കേസിൽ ശിക്ഷയനുഭവിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇജാസ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നിറങ്ങിയത്.
തടവുകാരന് നൽകാൻ ജയിലധികൃതർക്ക് കൈമാറിയ ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. ജയിലിലെ ഫോൺ വിളികളിൽ നിരീക്ഷണം ഏർപ്പെടുത്തിയതും വിളികൾ റെക്കോഡ് ചെയ്യപ്പെട്ടതുമാണ് ഇയാളെ പിടിക്കാൻ സഹായിച്ചത്.
Read Also : ധനകാര്യ സ്ഥാപനത്തിലെ കണക്കിൽ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടി : രണ്ടാം പ്രതി അല്‍ അമീന് അറസ്റ്റിൽ
തടവുകാരൻ ഭാര്യയോട് ഫോണിൽ സംസാരിക്കുന്നതിനായി വിളിച്ച് ഇതിലൂടെ കോൺഫറൻസ് കോളായി മാറ്റിയാണ് ഇജാസുമായി സംസാരിച്ചത്. പൊടി വേണമെന്ന തടവുകാരന്റെ ആവശ്യത്തോട് ശനിയാഴ്ച ചെരിപ്പ് നൽകാനെത്താമെന്നും അതിനുള്ളിലുണ്ടാവുമെന്നും അറിയിക്കുകയായിരുന്നു.
നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലും അതിസുരക്ഷ ജയിലിലും പൂജപ്പുര സെൻട്രൽ ജയിലിലുമാണ് തടവുകാരുടെ ഫോൺവിളികൾ റെക്കോഡ് ചെയ്യുന്ന സംവിധാനമുള്ളത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments