കൊച്ചി: ഞാറയ്ക്കലിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പൊള്ളലേറ്റ മകനും ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മകൻ അതുൽ (17 ) മരണമടഞ്ഞത്. രാത്രിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അതുലിന്റെ അമ്മ സിന്ധു (42) ഇന്നലെ മരിച്ചിരുന്നു. കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ പുലർച്ചെയാണ് സംഭവം.
വീടിനുള്ളിൽ നിന്നു പുക ഉയരുന്നതു കണ്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേർന്ന് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്. അതേസമയം, രക്ഷാപ്രവർത്തനത്തിനിടെ സംഭവത്തിനു പിന്നിൽ ആരാണെന്ന് ബന്ധുക്കൾ ചോദിക്കുമ്പോൾ വീട്ടമ്മ ഒരു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ പ്രചരിച്ചിട്ടുണ്ട്. ബന്ധുക്കൾ ഇത് പൊലീസിൽ ഹാജരാക്കുകയും ചെയ്തു. ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഈ യുവാവിനെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
സ്ഥിരമായി വഴിയിൽ തടഞ്ഞുനിർത്തി യുവാവ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി സിന്ധുവിന്‍റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതേത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് യുവാവിനെതിരെ സിന്ധു പൊലീസിൽ കേസ് നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സന്ധുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
എന്നാൽ സിന്ധു ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. പൊള്ളലേറ്റ സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ബന്ധുക്കളോട് പറഞ്ഞ കാര്യങ്ങൾ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണെന്നും വീട്ടുകാർ ആരോപിക്കുന്നു. സിന്ധു പറഞ്ഞ കാര്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തു ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
കൂടാതെ വീട്ടിൽ കാർ ഷെഡ് നിർമ്മാണം നടന്നുവരികയായിരുന്നു. കാർ ഷെഡ് നിർമ്മാണ തൊഴിലാളികളോട് ഇന്നലെ വീട്ടിലെത്താനും സിന്ധു ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് നൽകാനായി ഭക്ഷണം തയ്യാറാക്കുന്നതിന്‍റെ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിലപാട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
Post Your Comments