പാലക്കാട്: കേരള പോലീസിനെ വട്ടം കറക്കിയ കേസായിരുന്നു കോളേജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയുടേത്. മൂന്നു മാസങ്ങൾ നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ ആലത്തൂരിൽ നിന്നും കാണാതായെ സൂര്യയെ പോലീസ് കണ്ടെത്തിയത് മുംബൈയിൽ നിന്നായിരുന്നു. മൊബൈൽ ഫോണോ എടിഎം കാർഡോ മറ്റു രേഖകളോ ഒന്നും തന്നെയില്ലാതെ പെൺകുട്ടി വീട് വിട്ടിറങ്ങിയത് പോലീസിനെ കൂടുതൽ കുഴപ്പിച്ചു. മൂന്ന് മാസങ്ങൾക്കിപ്പുറം പാലക്കാട്ടുകാരിയെ മുംബൈയിൽ നിന്ന് കണ്ടെത്തുമ്പോൾ ദുരൂഹതകൾ ഏറെയായിരുന്നു.
വീട്ടിൽ നിന്നും സൂര്യ നേരെ പോയത് കോയമ്പത്തൂരിലേക്ക് ആയിരുന്നു. അവിടെന്നും മുംബൈയ്ക്ക് സൂര്യ വണ്ടി കയറി. ഈ യാത്രയിൽ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ മുംബൈയിലെ തമിഴ് കുടുംബത്തിൽ എത്തിച്ചത്. ഈ കുടുംബത്തിനൊപ്പമാണ് പെൺകുട്ടി മൂന്ന് മാസമായി താമസിച്ചു വന്നത്. ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ സൂര്യ, പാലക്കാട്ടു നിന്ന് തീവണ്ടിമാർഗം കോയമ്പത്തൂർ വഴി മുംബൈയിലേക്കാണ് പോയതെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. തീവണ്ടിയിൽ നിന്ന് ഒരാളെ പരിചയപ്പെടുകയും ഇയാൾ വഴി മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു.
അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെൺകുട്ടി ഇവരോട് പറഞ്ഞിരുന്നത്. തിരിച്ചറിയൽ രേഖകളോ മറ്റോ കൈയിൽ ഇല്ലാത്തതിനാൽ ഹോസ്റ്റലുകളിൽ താമസം ശരിയാക്കാൻ കഴിഞ്ഞില്ല.ഇതോടെയാണ് തമിഴ് കുടുംബത്തിനൊപ്പം അവരുടെ വീട്ടിൽ താമസിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഈ കുടുംബത്തോടൊപ്പം സുരക്ഷിതമായി താമസിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിൽ ഗോവയിലേക്ക് വരെ പൊലീസ് അന്വേഷണം നീണ്ടിരുന്നു. മകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കൾ.
ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തുമ്പോൾ കേരളാ പൊലീസിനാണ് കുടുംബം നന്ദി പറയുന്നത്. ഇതിനിടെ മൊബൈൽ ഫോൺ എടുക്കാത്ത പെൺകുട്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുമോ എന്ന പരിശോധയിലായിരുന്നുപൊലീസ്. ഇതിനായി സൈബർ സെൽ സദാസമയവും നിരീക്ഷിച്ചിരുന്നു. എന്നാൽ, പൊലീസിന് പിടികൊടുക്കാതിരിക്കാൻ, മൂന്ന് മാസത്തോളം പെൺകുട്ടി സാമൂഹികമാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല. അടുത്തിടെ, ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് കേസിൽ നിർണായകമായത്.
ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബർ സെൽ കണ്ടെത്തിയിരുന്നു. ഈ വിവരം ആലത്തൂർ പൊലീസിന് ഉടൻതന്നെ കൈമാറി. തുടർന്ന് ആലത്തൂരിൽനിന്നുള്ള പൊലീസ് സംഘം മുംബൈയിലെത്തി പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.പെൺകുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാർഥ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് നൽകുന്നവിവരം. പൊലീസ് അന്വേഷിച്ച് എത്തുമ്പോഴാണ് പെൺകുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരം ഈ കുടുംബവും അറിയുന്നത്. അനാഥയാണെന്ന് കരുതിയാണ് ഇവർ പെൺകുട്ടിയെ വീട്ടിൽ താമസിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ ആലത്തൂരിൽ എത്തിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി ആലത്തൂർ ടൗണിലേക്ക് പോയ പെൺകുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.ഒരു ബാഗിൽ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈൽ ഫോണോ എ.ടി.എം. കാർഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെൺകുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു.
Post Your Comments